Wednesday, May 10, 2023

ഹൃദയ തുരുത്തിലേക്കൊരു യാത്ര

സോളിഡാരിറ്റി തൃശ്ശൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളെ തിരഞ്ഞെടുത്തതിന് ശേഷം സെക്രട്ടേറിയറ്റ് അംഗങ്ങളുമായി ഒരു ദൂര യാത്ര പോകണം എന്ന്‌ അതിയായി ആഗ്രഹിച്ചിരുന്നുവെങ്കിലും തുടരെ വന്ന സംഘടനാ പരിപാടികളും റമദാനും അതിന് അവസരമൊരുക്കിയില്ല. 


ട്രിപ്പിനെ കുറിച്ചുള്ള തീരുമാനങ്ങൾ ഒരുവഴിക്കും അടുക്കാതായപ്പോൾ ട്രിപ്പ് കൺവീനറായി ഇഹ്സാനിനെ നിയമിച്ചു. പിന്നീട് കാര്യങ്ങൾ കുറച്ചുകൂടെ എളുപ്പമായി. അങ്ങനെ മറയൂരിലേക്ക് പോകാം എന്ന തീരുമാനത്തിൽ എത്തി. 


റമദാൻ കഴിയുന്നതോട് കൂടി തുടരെ വരുന്ന ശനി ഞായർ ദിവസങ്ങളെല്ലാം കല്യാണങ്ങളും വിരുന്നുകളും കൊണ്ട് വീർപ്പുമുട്ടിയിരുന്നു. പിന്നെ ഒന്നും നോക്കിയില്ല  ഇടദിവസങ്ങളിൽ യാത്ര തിരിക്കാം എന്ന കടുത്ത തീരുമാനമെടുത്തു. ജോലിയുള്ളവരാണെക്കിലും അതല്ലാതെ വേറെ നിർവ്വാഹമില്ലായിരുന്നു. പലരുടേയും ഭാര്യമാർ ട്രോളി തുടങ്ങിയിരുന്നു. നിങ്ങൾ ഇപ്രാവിശ്യമെങ്കിലും എങ്ങോട്ടേലും പോവോ എന്ന കളിയാക്കലുകൾ ചിലരുടെയെങ്കിലും ചങ്കിൽ കൊള്ളുന്നുമുണ്ടായിരുന്നു. മാനനഷ്ടം സഹിക്കവയ്യാതെ എല്ലാവരും മുൻകൂട്ടി തന്നെ ജോലിയിൽ നിന്ന്  ലീവ് തരപ്പെടുത്തി.


പോകുന്ന സ്ഥലത്തെക്കുറിച്ച് വല്ല്യ ചർച്ചയൊന്നും ഉണ്ടായിരുന്നില്ല എന്ന് വേണേൽ പറയാം. ഒന്ന് രണ്ട്‌ സ്ഥലത്തെ കുറിച്ച് പറഞ്ഞുവെങ്കിലും അനീസും സിറാജ്ക്കയും പോയി വന്ന അനുഭവങ്ങളുടെ വെളിച്ചത്തിൽ മറയൂർ മഡ് ഹൗസ് തന്നെ മതിയെന്നുറപ്പിച്ചു. 


ഒരുപക്ഷെ അവരുടെ യാത്രാ വിവരണത്തിൽ എല്ലാരും ഫ്ലാറ്റായി എന്ന് പറയാം. നല്ല തണുപ്പുള്ള സ്ഥലമാണ്. തരക്കേടില്ലാത്ത റേറ്റ് ആണ്‌. പ്രൈവറ്റ് വെള്ളച്ചാട്ടം. തണുത്ത വെള്ളത്തിൽ നീരാട്ട്. മഡ് ഹൗസിൽ താമസം. നല്ല ഉഷാർ ബാർബിക്യു. രാത്രി ചപ്പാത്തി ചിക്കൻ കറി രാവിലെ പുട്ടും കടലയും. സബാഷ്..!! ഇത് മതിയെന്ന് എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു.


പിന്നീട് യാത്രയെക്കുറിച്ച് ആരും മിണ്ടിയില്ല. പിന്നെ മെയ് രണ്ടിനു വേണ്ടിയുള്ള കാത്തിരിപ്പ്. പലരും യാത്ര പോകുന്നതിൻറെ തലേ നാൾ വരെ പല തിരക്കിട്ട ഓട്ടത്തിലായിരുന്നു. പടച്ചവൻറെ അനുഗ്രഹം കൊണ്ട് എങ്ങനെയെങ്കിലും ഒന്ന് പോയാല്‍ മതി എന്ന ചിന്ത മാത്രമായിരുന്നു. കാരണം അത്രമേൽ കൊതി എല്ലാവരിലും ഉണ്ടായിരുന്നു എന്നത് തന്നെ. 


യാത്ര പോകുന്നതിൻറെ ഏതാനും ദിവസം മുമ്പാണ്‌ പ്രസിഡൻറ് അനീസ് റിസോർട്ടിൻറെ യൂട്യൂബ് ലിങ്കും ഫോട്ടോസും പങ്കുവെച്ചത്. പോകുന്ന വണ്ടിയെ കുറിച്ചുപോലും ചർച്ച ചെയ്തത് അവസാന ദിവസങ്ങളിലാണ്. സുബഹി നമസ്‍കാരത്തിന് ശേഷം പുറപ്പെടാം. പോകുമ്പോൾ പൊള്ളാച്ചി വഴി കയറി മൂന്നാർ വഴി ഇറങ്ങാം എന്നും ധാരണയായി. 


പിന്നെയുള്ളത് എല്ലാവരും സമയത്തിന് എത്തണം എന്നുള്ളതാണ്. കൊടുങ്ങല്ലൂർ ഉള്ളവർ തലേ ദിവസം തന്നെ സോളിഡാരിറ്റി ഓഫീസിൽ വന്ന് തമ്പടിച്ചിരുന്നു. ചാവക്കാട് വടക്കാഞ്ചേരി തൃശൂർ ടീം രാവിലെ നേരത്തെ എത്താം എന്നും പറഞ്ഞു. സംഭവം ഇങ്ങനെ ഒക്കെയാണെങ്കിലും രാവിലെ പെയ്ത മഴയിൽ കാര്യങ്ങൾ ഒരിത്തിരി കൈവിട്ടു. മുല്ലശ്ശേരിയില്‍ വരാം എന്ന് പറഞ്ഞ റഹീംകാനെ ചാവക്കാട് പോയി എടുത്ത് തൃശ്ശൂർക്ക് പോകേണ്ടി വന്നു. ഏകദേശം 6 മണിക്ക് ഇറങ്ങാം എന്ന് വിചാരിച്ചിരുന്നെങ്കിലും 6:45 ആയി ഇറങ്ങാൻ.


യാത്രാ അമീറും ട്രിപ്പ് കൺവീനറുമായ ഇഹ്‌സാൻ രണ്ട്‌ വണ്ടിയിലും കയറേണ്ടവരെ നിശ്ചയിച്ചു. എങ്ങനെയൊക്കെയോ അളിയന്മാർ ടീം ഒരു വണ്ടിയിലായി. അനീസ്-സിറാജിക്ക, ഞാൻ-ഇഹ്‌സാൻ.നമ്മുടെ ജനറൽ സെക്രട്ടറി ഷെക്കീർക്ക മാത്രമാണ് അപരനായി ഉണ്ടായിരുന്നത്. മറ്റൊരു വണ്ടിയിൽ ഫൈസൽക്ക, റഹീംക്ക, ഷാഹിൻക്ക & സുഹൈൽക്ക തുടങ്ങിയ വമ്പൻ ടീം. ഞങ്ങൾ പ്രാർത്ഥനയോടെ ഹിറാ മസ്ജിദിൽ നിന്ന് യാത്ര ആരംഭിച്ചു. പോകും വഴി അനീസിനെ എടുക്കാമെന്നായിരുന്നു ധാരണ. 


ആദ്യ സ്റ്റോപ്പ് ഇന്ധനം നിറക്കാൻ പമ്പിൽ. വഴിയിൽ നിന്ന് കയറിയ പ്രസിഡൻറ് മറ്റു വണ്ടിയിൽ ഉള്ളവരെ സലാമാക്കി ഇരുവണ്ടികളുടെയും ഫോട്ടോ വീഡിയോ ഒക്കെ പകര്‍‌ത്തുന്നുണ്ടായിരുന്നു. അവിടെന്ന് നേരെ കുതിരാൻ വഴി കയറി പാലക്കാടൻ കുഞ്ഞു ഗ്രാമങ്ങൾ കടന്നുള്ള യാത്ര. വിശപ്പിൻറെ വിളി ഉള്ളതുകൊണ്ടാണ് എന്ന് തോന്നുന്നു ഇരു വണ്ടിയിലുള്ളവരും ആകെ കലുഷിതമായിരുന്നു. വാട്സ്ആപ്പ് ഗ്രൂപ് വഴി നിരന്തരം കമന്റുകൾ നിറഞ്ഞൊഴുകി. ഏകദേശം 8:15 ഓടു കൂടി തമിഴ്‌നാട് ബോര്‍ഡറോട് അടുത്ത് ഒരു ചെറിയ ടൗണിൽ ചായ കുടിക്കാനായി ഇറങ്ങി. 


നല്ല ലളിതകോമളമായ ഭക്ഷണം ഇടിയപ്പവും  ഇഡ്ഡലിയും സാംബാർ ചട്ണി പിന്നെ ഒരു ഗംഭീര ചായയും. ഇപ്പോഴും ആ ചായയുടെ സ്വാദ് ഞങ്ങളുടെ മനസ്സിൽ തെളിഞ്ഞ് നിൽക്കുന്നു. അങ്ങനെ ആ കട വെളുപ്പിച്ചതിന് ശേഷം പൊള്ളാച്ചി കേറി കാട്ടിലൂടെയുള്ള യാത്ര തുടർന്നു. നല്ല ഇടുങ്ങിയ വഴിയികളിലൂടെ അതി സൂക്ഷ്മമായി ഇച്ചാനു (ഇഹ്‌സാൻ) വണ്ടിയോടിച്ചു. തലേന്ന് വരെ ഓടി തളർന്ന എൻ്റെ കയ്യിൽ നിന്ന് അവൻ നേരത്തെ വണ്ടിയുടെ ചാവി കൈയ്യിലാക്കിയിരുന്നു. രണ്ടാമത്തെ വണ്ടിയുടെ വളയം സുഹൈൽക്കയുടെ കയ്യിൽ ഭദ്രമായിരുന്നു. ഇത് ഞാൻ ആർക്കും വിട്ടുതരില്ലെന്നുള്ള മട്ടിലായിരുന്നു പുള്ളിയെങ്കിലും പിന്നെ പിന്നെ കഥ മാറിത്തുടങ്ങി. മൂത്രമൊഴിക്കാനും മറ്റും നിർത്തുന്ന ഇടവേളകളിൽ ഇരുവണ്ടിയിലുള്ളവരും പരസ്പരം കാര്യങ്ങൾ തിരക്കി തമാശകൾ പറഞ്ഞും കയ്യിലുള്ള സ്നാക്സ് കൈമാറിയുമൊക്കെ ഒരുമിച്ചുള്ള യാത്രയുടെ ഓളം നിലനിർത്തി. ഇടക്കെപ്പഴോ വണ്ടി നിർത്തിയ സാഹചര്യത്തിൽ ഒരാൾ പ്രസിഡന്റിനോട് എന്തോ കാര്യമായി അനുവാദം ചോദിക്കുന്നത് കണ്ടു. പിന്നെ കണ്ടത് ത്രീഫോർത് ഇട്ട് വരുന്ന സുഹൈൽകാനെ ആണ്. തൻറെ വേഷം ട്രിപ്പിൻറെ മാന്യതയെ ബാധിക്കില്ലലോ എന്ന് ഉറപ്പ് വരുത്തിയതാണ്. 


കാര്യങ്ങൾ ഇങ്ങനെ ഒക്കെ ആണെങ്കിലും ഒരു ട്രിപ്പ് ചെയർമാന്റെ കുറവിനെക്കുറിച്ച് സിറാജിക്ക സൂചിപ്പിക്കുക മാത്രമല്ല ആ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കയും ചെയ്തു. ആയതിനാൽ കാറിൻറെ മുൻസീറ്റിൽ നിന്ന് അനങ്ങില്ല എന്നാണ് വ്യവസ്ഥ. ചെയർമാനിന്റെ പരമാധികാരം ഉപയോഗപ്പെടുത്തി വണ്ടിയിലെ പാട്ടുകൾ മാറ്റുന്ന ചുമതല അദ്ദേഹം ഏറ്റെടുത്തു. മൂ.രി എന്തോ കൈവശം കൊടുത്തത് പോലെ മൂപ്പരുടെ പുതിയ പാട്ടുകളാണ് അതികനേരവും കേൾക്കേണ്ടി വന്നത്. ഉറങ്ങുകയല്ലെങ്കിലും ഉറക്കം നടിച്ച് വാ പൊളിച്ച് ഉറങ്ങാനുള്ള പ്രത്യേക കഴിവ് ചെയർമാൻ ഇടക്കിടക്ക് പുറത്തെടുത്തുകൊണ്ടിരുന്നു.


ചെക്ക് പോസ്റ്റുകൾ പലതും കടന്നു. ഓരോ ചെക്ക് പോസ്റ്റിലും ഞാൻ തന്നെ കയറി ഇറങ്ങി. അത് പി.ആറിൻറെ പണിയാണ് എന്നും അത് ഗംഭീരമായി നിർവഹിച്ചു എന്നും എന്നെ പൊക്കി പറഞ്ഞ് വണ്ടിയിൽ നിന്നിറങ്ങാതെ ഒപ്പിക്കാൻ എല്ലാവരും മത്സരിച്ചു. 


ഉച്ച ഭക്ഷണത്തിനായി മറയൂർ അടുത്ത് ഹോംലി മീൽസ് കിട്ടുന്ന ഒരു കുഞ്ഞി കടയിൽ നിർത്തി. ഇലയിട്ട് ഊണ് കഴിക്കാൻ തയ്യാറെടുത്തു. ഞങ്ങൾ 9 ആളുണ്ട്. ഞങ്ങൾ കയറിയതോടെ കട നിറഞ്ഞു ആകെ തിക്കും തിരക്കായി. എന്തൊക്കെ വിളമ്പി ഇനി എന്തൊക്കെ വിളമ്പണം എന്ന് കടക്കാർക്ക് തന്നെ ബോധല്ലാത്ത അവസ്ഥ. എന്തിന് പറയുന്നു എണ്ണ ചൂടാവും മുമ്പ് പപ്പടം വറുത്ത് നല്ല ഇലാസ്റ്റിക് ലോങ്ങ് ലാസ്‌റ്റിക്ക് പപ്പടമാണ് കിട്ടിയത്. കറികൾ പലതും മേശയുടെ ഒരറ്റത്തു നിന്ന് മറ്റേ അറ്റത്തേക്ക് എത്തിപ്പെടാൻ കുറേ പാടുപെട്ടു. നല്ല നാടൻ ഊണ് വിത്ത് ഓംലറ്റ്. സംഭവം പൊളിച്ചു. എന്തെന്നില്ലാത്ത ഒരു അനുഭൂതി. മനസ്സും വയറും നിറഞ്ഞു.


മഡ് ഹൗസ് ഓണർ രാജാ അണ്ണനെ നിരന്തരം ബന്ധപെടുന്നുണ്ടായിരുന്നു. അദ്ദേഹവും നമ്മളെ വിളിച്ച് കാര്യങ്ങൾ അന്വേഷിക്കുന്നുണ്ടായിരുന്നു. മറയൂർ എത്തിയതോടെ പ്രമുഖ മൊബൈൽ നെറ്റ് വർക്കുകല്ലാം പണിമുടക്കി. ജിയോ ബി.എസ്.എൻ.എൽ മാത്രം തലയുയർത്തി നിന്നു. ബി.എസ്.എൻ.എലിൽ റേഞ്ച് ഉണ്ട് എന്ന് മാത്രം നെറ്റ് വേണമെങ്കിൽ ജിയോ തന്നെ വേണം. ഇരുവണ്ടിയിലും ഒരു ജിയോ കണക്ഷനുണ്ടായിരുന്നു. അവർക്ക് വലിയ രാജകീയ പദവികിട്ടിയ അനുഭൂതിയായിരുന്നു. പാട്ട് വെക്കണമെങ്കിലും വീട്ടിലേക്ക് വിവരങ്ങൾ അറിയിക്കണമെങ്കിലും നെറ്റ് വേണം എന്ന അവസ്ഥയുള്ളത് കൊണ്ട് അവരെ ആശ്രയിക്കയല്ലാതെ നിർവ്വാഹമില്ലായിരുന്നു. ഞാൻ കയറിയ വണ്ടിയിലെ ജിയോ പ്രമുഖൻ നമ്മുടെ ചെയർമാൻ കൂടിയായ സിറാജിക്ക ആയിരുന്നു. മറുവണ്ടിയിൽ സുഹൈൽക്കയും. 


മുന്നാറിൽ നിന്നും 2കി.മി അകലെ, ചിന്നാർ വനത്തിനകത്തേക്കാണ് എത്തേണ്ടത്. ഇടുക്കി ജില്ലയിലെ മറയൂർ ഗ്രാമത്തിന് അടുത്താണ് ഈ മഡ്  ഹൗസ് അഥവാ മൺവീടുള്ളത്. മറയൂർ ഗ്രാമത്തിലേക്കുള്ള വഴികൾ ഇടുങ്ങിയതും കുത്തനെയുള്ള കയറ്റങ്ങളും നിറഞ്ഞതാണ്. ചുറ്റിലും പച്ച പുതച്ചുകിടക്കുന്ന മലനിരകളും അവയെ തലോടുന്ന കോടമഞ്ഞും. കൂട്ടിന്‌ ഞാനുമുണ്ട് എന്ന് പറഞ്ഞ് ചാറ്റൽ മഴയും പെയ്തിറങ്ങി. നല്ല തണുത്ത കാലാവസ്ഥ. മഴ കനക്കും മുമ്പ് ആദിവാസി കോളനിക്കടുത്തെ അമ്പലപ്പറമ്പിൽ വണ്ടി പാർക്ക് ചെയ്തു. അവിടെന്ന് മുന്നോട്ടുള്ള വഴി കാല്‍നടയോ 2 ജീപ്പിലോ അല്ലാതെ പോകാൻ സാധിക്കുകയില്ല. 


ഏറെ നേരം യാത്ര ചെയ്‌ത ക്ഷീണം ക്ഷണനേരം കൊണ്ട് കണ്ണിലെ കാഴ്ച്ചകള്‍ മെയ്യില്‍ നിന്ന് മായ്ച് കളഞ്ഞു. 2 കി.മി കൂടി യാത്ര ചെയ്‌താൽ മഡ് ഹൗസിലെത്താം എന്ന ചിന്ത അതുവരെയില്ലാത്ത കൗതുകം അണപൊട്ടിച്ചു. 


രണ്ട് ജീപ്പുകൾ തരപ്പെടുത്തി വീണ്ടും യാത്ര തുടർന്നു. ചെയർമാൻ എപ്പോഴത്തെയും പോലെ വണ്ടിയുടെ മുൻസീറ്റിൽ തന്നെ ആസനസ്ഥനായി. മഴ വരും മുമ്പ് മലകയറണമെന്ന ദൃഢനിശ്ചയം ഡ്രൈവർമാർക്കുണ്ടായിരുന്നു. വണ്ടി സ്റ്റാർട്ട് ചെയ്തതും ഒറ്റ പാച്ചലായിരുന്നു.


തുടക്കത്തിൽ വളരെ സുഖമായി ജീപ്പുകൾ കുതിക്കുന്നതാണ് കണ്ടതെങ്കിൽ പിന്നെ കണ്ടത് കിതക്കുന്നതാണ്. വഴിയാണ് എന്ന് സ്വപ്നത്തിൽ ചിന്തിക്കാത്ത പാറകളും കയറ്റങ്ങളും താണ്ടി ജീപ്പുകൾ എട്ടുകാലി അള്ളിപിടിച്ച് കയറും പോലെ മുന്നോട്ടുനീങ്ങി. കൂടെ ചെയർമാന്റെയും അനീസിന്റെയും വാചകമടികൾക്ക് ഒരു കുറവുമുണ്ടായില്ല. ഇതൊക്കെ എന്ത് ഇനി വരാൻ പോവുന്നതല്ലേ ഉള്ളൂ എന്ന മട്ടായിരുന്നു. പൊടുന്നനെ അതാ മുന്നിലെ ജീപ്പ് ചെരിയുന്നതാണ് കണ്ടത്. വഴിയിലെ പാറക്കൽ ഇളകി മാറിയിരിക്കുകയായിരുന്നു. ജീപ്പിൻറെ ഒരു ചക്രം വായുവിലാണ് കൂടെ ജീപ്പിലുള്ളവരുടെ കണ്ണുകളും. ഒരുപക്ഷെ വണ്ടിയിലുള്ളവരുടെ പ്രാണവായു കൂടെ പുറംതള്ളുമോ എന്ന് തോന്നുമാറ്‌ വാ പൊളിച്ചിരിക്കുയായിരുന്നു എല്ലാവരും. ഇത് കണ്ടിട്ടും ചെയർമാൻ കുലുങ്ങിയില്ലന്ന് പറയാൻ പറഞ്ഞു. 


വണ്ടി ഗിയറിലിട്ട് ഡ്രൈവർമാർ ചാടിയിറങ്ങി ഇളകിയകല്ലുകൾ യഥാ സ്ഥാനത്തുറപ്പിക്കാൻ തുടങ്ങി. കൂടെ ഇരു ജീപ്പിലുള്ളവരും ഇറങ്ങിയെങ്കിലും അത് ആരാണ് കൂടുതൽ പേടിച്ചത് എന്നതിന്റെ സെൻസസ് എടുക്കാനായിരുന്നു എന്ന് മാത്രം.


ഡ്രൈവർ ചേട്ടൻമാർ അവരുടെ പണി എളുപ്പം തീർത്ത് വീണ്ടും വണ്ടിയെടുത്ത് ഞങ്ങളേം കൊണ്ട് കുതിച്ചു. ഇതൊന്നും അവരെ തീരെ അലട്ടുന്ന വിഷയമേ അല്ലാ എന്ന് മനസ്സിലായി. മഴ പെയ്തിറങ്ങുന്ന ചളിയിലൂടെ ടൺ കണക്കിന് ഭാരമുള്ള മരത്തടികൾ ജീപ്പിൽ വെച്ചുകെട്ടി കുന്നും മലയും കയറി ഇറങ്ങുന്ന അവർക്കുണ്ടോ പേടി. എങ്കിലും ചെയർമാന്റെ അഭിപ്രായത്തിൽ മുന്നിലെ ജീപ്പ് ഡ്രൈവർക്ക് എക്സ്പീരിയൻസ് പോരായിരുന്നു. അദ്ദേഹത്തിനത് ജീപ്പിൻറെ ആദ്യ ഒടിയില്‍ നിന്ന് തന്നെ മനസ്സിലായിരുന്നു എന്നാണ് പറഞ്ഞത്.


ഗഹനമായ ചർച്ചകൾക്കിടയിൽ ഞങ്ങൾ മഡ് ഹൗസ് എത്തിയതറിഞ്ഞില്ല. അപ്പഴേക്കും മഴ കനത്തുതുടങ്ങിയിരുന്നു. രാജാ അണ്ണൻ ഞങ്ങളെ കാത്തിരിക്കായിരുന്നു. അപ്പഴേക്കും മഴ കനത്തിരുന്നു. ഞങ്ങൾ വണ്ടിയിൽ നിന്നറങ്ങിയോടി ഒരു ഷെഡിനു കീഴിലേക്ക് കയറി നിന്നു. ആ ഷെഡിന്റെ ഉൾചുമരിനോട് ചേർന്ന് യൂകാലി തടികൾ വെച്ചുകെട്ടി  ഇരിപ്പിടങ്ങൾ ഒരുക്കിയിരിക്കുന്നു. മേൽക്കൂര, ഉണങ്ങിയ ഇഞ്ചിപ്പുല്ല് വെച്ച് മേഞ്ഞിരിക്കുന്നു. നടുത്തളത്തിൽ തലേ ദിവസം ക്യാമ്പ് ഫയറിന് വേണ്ടി കത്തിച്ച മരത്തടികളുടെ ചാരം കുമിഞ്ഞുകിടക്കുന്നു. അരികിൽ ഒരു കുഞ്ഞു ബാർബിക്യു ഗ്രിൽ പുകപിടിച്ച് കിടക്കുന്നു. ഒരു മൂലയിൽ സ്പീക്കറും ആംപ്ലിഫയറുമിരിക്കുന്നു. ഇതാണ് ഇന്നത്തെ ഞങ്ങളുടെ പ്രധാന ഇരിപ്പിടവും ഉല്ലാസ കേന്ദ്രമെന്നും ഒറ്റനോട്ടത്തിൽ പിടികിട്ടി. 


അപ്പഴേക്കും നാലുമണി ചായ തയ്യാറായിരുന്നു. അവിടെന്ന് ഒറ്റ ഓട്ടത്തിന് അടുത്ത ഷെഡിനു കീഴിലേക്ക്. അവിടെ രണ്ട് വലിയ മേശകളുണ്ട്, ഇരിക്കാൻ ചുമരിനോട് ചേർന്ന് യൂകാലിത്തടികളിൽ തീർത്ത ഇരിപ്പിടങ്ങളും. പിന്നെയാണ് മനസ്സിലായത് ഈ മഡ് ഹൗസ് മൊത്തം പണിതിരിക്കുന്നത് യൂക്കാലി തടികൾ അടക്കി കെട്ടിയാണ് എന്ന്. അതിനെ ഘട്ടം ഘട്ടമായി മണ്ണ് പൊതിഞ്ഞാണ് ചുമരുകളുണ്ടാക്കിയിരിക്കുന്നത്. മേൽക്കൂര പ്ലാസ്റ്റിക് ഷീറ്റ് ഇട്ടതിന് ശേഷം ഉണങ്ങിയ ഇഞ്ചി പുല്ല് വെച്ച് മേഞ്ഞിരിക്കുകയാണ്. ഇതെല്ലാം നോക്കി കണ്ട് മനസിലാകുന്നതിനിടയിൽ നല്ല കട്ടൻചായ കുടിച്ച് തീർന്നതറിഞ്ഞില്ല. ആവശ്യക്കാർക്ക് വേണ്ടുവോളം കുടിക്കാനുള്ള ചായ സമാവറിൽ ആവോളമുണ്ടായിരുന്നു.


മഴ കുറയുന്ന ലക്ഷണമൊന്നുമില്ല. ഞങ്ങൾ ചായ കുടിച്ച് ഫ്രഷായി റൂമിലേക്കു നടന്നു. മരത്തടികൾ വെച്ചുകെട്ടിയ പടികൾ കയറി റൂമിലേക്കു കടന്നു. ഫാനും എ/സിയും ഇല്ലാത്തൊരിടം. ഫോണും മറ്റും ചാർജ് ചെയ്യാനാനുള്ള സംവിധാനങ്ങൾ ഉണ്ട്. റൂമിലെ തറ കളിമണ്ണ് മെഴുകിയിരിക്കുന്നു. റൂമിന്റെ അതെ വീതിയിലാണ് കാട്ടിലും സംവിധാനിച്ചിട്ടുള്ളത്. അതും യൂക്കാലി മരത്തടികൾ വെച്ച് കെട്ടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. അതിനു മീതെ നല്ല മേത്തരം ബെഡുകളും പുതപ്പും തലയിണയും ഒരുക്കിയിട്ടുണ്ട്.


ബെഡ് കണ്ടതും പലർക്കും വെറുതെ ക്ഷീണം വന്നുതുടങ്ങി. പ്രസിഡന്റ് എല്ലാവരെയും നമസ്കാരത്തിന് ക്ഷണിച്ചു. എല്ലാവരും വേഗം വുളുവെടുത്ത് വന്ന് നമസ്‌കാരത്തിനായി അണിനിരന്നു. തണുത്ത കാലാവസ്ഥയിൽ നല്ല തണുത്ത വെള്ളത്തിൽ വുളുവെടുത്ത് നില്കുന്നത് അൽപ്പം സാഹസമായിരുന്നു. ഇപ്പോൾ ഇങ്ങനെ ആണെങ്കിൽ സുബഹിക് എന്താവും അവസ്ഥ എന്ന് അല്പം വിറയോടെ വെറുതെ ഒന്ന് ചിന്തിച്ചുനോക്കി. ളുഹറും അസ്വറും ജംഉം കസ്വറുമായാണ് നമസ്കരിച്ചത്‌. നമസ്കാരം കഴിഞ്ഞതും രാജാ അണ്ണന്റെ വിളിയെത്തി. 


എല്ലാവരും വെള്ളച്ചാട്ടതില്‍ കുളിക്കാനുള്ള തയ്യാറെടുപ്പിൽ ഡ്രസ്സ് മാറി വന്നു. മഡ് ഹൗസിൽ നിന്ന് അൽപ്പം കൂടെ മാറി ഒരു വെള്ളച്ചാട്ടമുണ്ട്. അങ്ങോട്ട് പുറത്തു നിന്ന് ആർക്കും പ്രവേശനമില്ല. ഇവിടെ വരുന്നവർക്ക് മാത്രമേ അത് ഉപോയോഗിക്കാൻ പറ്റൂ. ഞങ്ങൾ നടന്നു തുടങ്ങി. ഒരുപാട് കയറ്റങ്ങളും ഇറക്കങ്ങളും പിന്നെയും കയറി ഇറങ്ങി മുന്നോട്ട്. എന്നാൽ ഇപ്രാവശ്യം കാൽനടയായി എന്ന് മാത്രം. ഇടക്കൊരു സ്ഥലത്തു വെച്ച് ചെരുപ്പഴിച്ച് വെക്കാൻ നിർദേശം വന്നു. രാജാ അണ്ണെന്റെ അളിയനാണ് ഞങ്ങളുടെ കൂടെ വന്നത്. പവിത്രമായ സ്ഥലമായത് കൊണ്ടല്ലാട്ടോ ചെരുപ്പഴിച്ചത്. ഇനി അങ്ങോട് ചെരിപ്പിട്ട് ഇറങ്ങിയാൽ ഒരുപക്ഷെ തണ്ടെല്ല് വെള്ളമാവാൻ സാധ്യതയുണ്ട് എന്നത് കൊണ്ടാണ്. നിരന്തരം വെള്ളമൊഴുകി പാറക്കല്ലില്‍ പൂപ്പലും വഴുക്കലും ആവോളമുണ്ടായിരുന്നു.


മുന്നോട്ടുള്ള വഴികൾ ചെറു അരുവികളും അതിലെ ചെറുകല്ലുകളും കാട്ടിലെ വൈവിധ്യങ്ങളാർന്ന സസ്യങ്ങളെയും കൊണ്ട് സമ്പന്നമായിരുന്നു. നല്ല കുളിര്‍ കാറ്റില്‍ പച്ചപ്പിനിടയിലൂടെ ഒഴുകുന്ന തണുത്ത അരുവികൾ മനസ്സിനും കാലുകൾക്കും ഒരുപോലെ കുളിരേകിയിരുന്നു. 


പരസ്‌പരം കൈകൾ കോർത്ത് കയറ്റങ്ങളിലും ഇറക്കങ്ങളിലും കൈത്താങ്ങായി കൂടെ നിന്ന് ഒരുപക്ഷെ ഒരുഘട്ടത്തിൽ തികച്ചും അപരിചിതരായവർ പരസ്പരം സഹായിക്കുന്നു. പിന്നീട് ഒന്നിച്ചൊരു ലക്ഷ്യത്തിലേക്കുള്ള പ്രയാണം. അതെ, യാത്രകൾ നമ്മെ പലതും പഠിപ്പിക്കുന്നു. പലതിനും നമ്മെ പ്രാപ്തരാക്കുന്നു. നമ്മൾ പൊതിഞ്ഞു വെച്ച പല വികാരങ്ങളും നമ്മളറിയാതെ നമ്മളിൽ നിന്ന് പ്രവഹിക്കുന്നു. സ്നേഹത്തിന്റെ, കരുതലിന്റെ, ചേർത്തുപിടിക്കലിന്റെ ആനന്ദം നമ്മളനുഭവിക്കുന്നു.


അങ്ങനെ ഞങ്ങൾ ലക്ഷ്യ സ്ഥാനത്തെത്തി. ചെറിയ ഒരു വെള്ളച്ചാട്ടം. വെള്ളമൊഴുകിയൊഴുകി മിനുസ്സപ്പെട്ട പാറ. അത് ചെന്നെത്തുന്നിടം നമ്മുടെ അരക്കൊപ്പം മാത്രം ആഴമുള്ള കുഞ്ഞു കുളം. വെള്ളച്ചാട്ടം കണ്ടതും അനീസും സിറാജിക്കയും വെള്ളമൊഴുകുന്ന പാറപുറത്ത് ചെന്നിരുന്നതും വാണം വിട്ടതുപോലെ ഒറ്റ പാച്ചിലായിരുന്നു. കാണുന്നവർക്ക് ഉള്ളിൽ പേടി തോന്നുമെങ്കിലും അവരതാസ്വദിക്കുന്നുണ്ട് എന്ന് അവരുടെ മുഖങ്ങലില്‍ നിന്ന് വ്യക്തം. പിന്നെ ഒന്നും നോക്കിയില്ല ഓരോരുത്തരായി ഒഴുകാൻ തുടങ്ങി. കാണുന്ന പേടിയേയുള്ളു സംഭവം സിമ്പിൾ ആണ്. എല്ലാവരുടെയും ഊഴം മൂന്നും നാലും വട്ടം കഴിഞ്ഞെങ്കിലും നമ്മുടെ മനസ്സിന് ധൈര്യവും ഊർജവും എപ്പഴും തരുന്ന ഷാഹിനക്ക മാത്രം സ്റ്റെപ്പിട്ട് നിൽക്കുകയായിരുന്നു. ഒരുപാട് തവണ പാറയിലൂടെ ഒഴുകാൻ നോക്കിയെങ്കിലും അദ്ദേഹത്തെ എന്തോ പുറകോട്ട് വലിച്ചുകൊണ്ടിരുന്നു. ഒടുവിൽ എല്ലാവരുടെയും പ്രോത്സാഹനത്തിന് വഴങ്ങി മൂപ്പരും ഒഴുകി വന്നുത് ഏവര്‍ക്കും സന്തോഷം നല്‍കി. ഈ കുളത്തിനപ്പുറം താഴ്‌വരയാണ്. വെള്ളം വീണ്ടും വലിയ പാറക്കെട്ടുകളിൽക്കിടയിലൂടെ അങ്ങനെ താഴേക്ക് ഒഴുകി പോകുന്നിടം. ഇച്ചാനുവും സുഹൈൽക്കയും അങ്ങോട്ട് പോകുന്നത് കണ്ട് ഞാനും വെറുതെ കൂടെപ്പോയി. ഇടക്ക് വെച്ച് അവിടെയൊന്നും ഇല്ലാന്ന് പറഞ്ഞ് ഇച്ചാനു തിരികെ നടന്നു. ഞൊടിയിടയിൽ സുഹൈൽക്ക അവനോട് വളരെ ലാഘവത്തോടെ "ആ കല്ല് ചവിട്ടേണ്ട അതിന്റെ അടിയിൽ പാമ്പുണ്ട്" എന്നും പറഞ്ഞ് തിരിഞ്ഞു നടന്നു. ഇച്ചാനുവാണെങ്കിൽ ആ കല്ല് ചവിട്ടാതെ എങ്ങനെ ഇറങ്ങും എന്നറിയാതെ പരിഭ്രമിച്ച് നിൽക്കുന്നു. പാമ്പ് ചത്തതാണോ എന്ന് ചോദിച്ചപ്പോൾ "നമ്മൾ ഇപ്പോ എന്തിനാ അതിനെ തൊട്ടുനോക്കി ബുദ്ധിമുട്ടാക്കണത്" എന്നായിരുന്നു സുഹൈലക്കാടെ മറുപടി. ഒരുകണക്കിന് അതിനെ ചാടികടന്നവൻ വന്നു. പാമ്പിന്റെ തല കല്ലിന്റെ ഉള്ളിലായിട്ടാണ് കാണുന്നത്. വാൽ മാത്രമാണ് പുറത്ത്. ഒരുപക്ഷെ ഇച്ചാനു പോകും വഴി കല്ലിൽ ചവിട്ടിയപ്പോൾ പാമ്പിന്റെ കഥ കഴിഞ്ഞതാവാം. അല്ലെങ്കിൽ നേരത്തേ മൂപ്പര് പറഞ്ഞതുപോലെ നമ്മളെന്തിനാ വെറുതെ തൊട്ടുനോക്കി ബുദ്ധിമുട്ടാക്കുന്നത്. 


നേരം ഇരുട്ടി തുടങ്ങി വെള്ളത്തിന്റെ ഒഴുക്കും തണുപ്പും കൂടി വന്നു ഞങ്ങളപ്പഴേക്കും അനീസിന്റെ ഐ-ഫോണിൽ ഓരോരുത്തരും പാറയിലുടെ ഒഴുകി വരുന്ന ഫോട്ടോയും വിഡിയോകളും പകർത്തി തിരിച്ച് കയറാൻ തുടങ്ങി. സുഹൈൽക്കയാണ് കൂട്ടത്തിൽ ഫോട്ടോ ഭ്രാന്തൻ. ഫോട്ടോ എടുക്കേണ്ട താമസം അത് ഡോക്യുമെന്റ് ഫയൽ ആയി വാട്സപ്പില്‍ കിട്ടണം. മൂപ്പരതാണ് ഐറ്റം. തിരിച്ചു കയറും വഴി രസകരമായ ചെറിയ ചെറിയ വെള്ളച്ചാട്ടങ്ങളുണ്ടായിരുന്നു. അവിടെയെല്ലാം ഇരുന്നും കുളിച്ചും ഫോട്ടോയെടുത്തും വെള്ളത്തിന്റെ തണുപ്പാസ്വദിച്ചും ഞങ്ങൾ പതിയെ നടന്നു കയറി.


ഏകദേശം മഗ്‌രിബിന്റെ സമയത് ഞങ്ങൾ കൂടണഞ്ഞു. അസ്തമയ സൂര്യൻ വിണ്ണിൽ ചായം പൂശിയിരിക്കുന്നു. ആ വർണ്ണാഭമായ കാഴ്ച ഫോണിൽ പകർത്താനുള്ള നെട്ടോട്ടത്തിലായിരുന്നു ചിലർ. എത്ര ഫോണിൽ പകർത്തിയാലും നമ്മുടെ കണ്ണിലൂടെ കാണുന്ന കാഴ്ച്ചകളുടെ ആഴവും പരപ്പും വേറിട്ട് നിൽക്കുമെന്നത് തീർച്ച. പിന്നെ നമസ്കാരത്തിനുള്ള തയ്യാറെടുപ്പായിരുന്നു. ചിലരാണേല്‍ "ഇനി കുളികെണ്ട വെള്ളത്തിൽ തന്നെയായിരുന്നില്ലേ" എന്നും മറ്റു ചിലർ "സോപ്പ് ഇട്ട് ബാത്‌റൂമിൽ കുളിച്ചാലേ കുളിയാകൂ" എന്നുമായിരുന്നു. ഇപ്രാവശ്യം നമസ്കാരത്തിന് നേതൃത്വം കൊടുത്തത് ഇച്ചാനുവായിരുന്നു. ഹൃദയ സ്പർശിയായ ഖുർആൻ പാരായണത്തിലലിഞ്ഞു നാഥനിലേക്ക് മനം കൂർപ്പിച്ച് ഞങ്ങള്‍ ശുക്റോതി.  


പിന്നെ കുറച്ച് വിശ്രമം. കഥകളും തമാശകളും പറഞ്ഞ് ഒരുമിച്ച് ഇരുന്നും കിടന്നും അങ്ങനെ കുറച്ച് നേരം. അപ്പഴേക്കും താഴെ കാമ്പ് ഫയർ കത്തിക്കുന്നതിന്റെ തിരക്കായി. തീകായാൻ എളുപ്പത്തിനായി കാറ്റ് തുപ്പുന്ന ഒരു യന്ത്രം അവിടെ ഉണ്ടായിരുന്നു. ചില വിരുതന്മാരുടെ ശ്രദ്ധ അതിലായിരുന്നു. അത് തീയിലേക്ക് വെക്കുമ്പോൾ പറക്കുന്ന തീപ്പൊരി ഫോട്ടോ എടുക്കാനായിരുന്നു മറ്റു ചിലർക്ക് താല്‌പര്യം. അങ്ങനെയിരിക്കെ മെയിൻ ഐറ്റം ഓൺ സ്റ്റേജ് ബാര്‍ബിക്യൂ ചെയ്യാനുള്ള മസാല തേച്ചുമിനുക്കിയ കോഴിയുമായി രാജാ അണ്ണന്റെ എൻട്രി. തീകാഞ്ഞതും കോഴി ചുട്ടെടുക്കാൻ തുടങ്ങി. മഡ് ഹൗസിലേക്ക് വരുമ്പോൾ പറഞ്ഞ ഹൈപ്പൊന്നും അതിന്റെ രുചിയിൽ തോന്നിയില്ല. നല്ല എരിവുണ്ടായിരുന്നു. എല്ലാവരും കൂടെ കൈയിട്ട് വാരി കഴിക്കുമ്പോളുള്ള രസവും ഓളവും, അതായിരുന്നു ഏക ഹൈലൈറ്റ്. 


ബാർബിക്യു കഴിച്ച് കഴിഞ്ഞതും എല്ലാവരും ഉഷാറായി. പിന്നെ കലാ പരിപാടികൾ തുടങ്ങി. അന്താക്ഷരിക്കുള്ള ടീം പ്രസിഡന്റ പ്രഖ്യാപിച്ചു. അളിയന്മാർ ഒരു ടീം. ബാക്കിയുള്ളവർ വേറെ ടീം. അളിയന്മാരേ തോല്‍‌പ്പിക്കുന്നവര്‍ക്ക് പ്രത്യേകം സമ്മാനം പ്രഖ്യാപിച്ചിരുന്നു. വളരെ ആവേശപൂർവം കളി മുന്നോട്ടുപോയി. ഭാവി ഭാവ ഗായകർ ഞങ്ങളിൽ ഭദ്രമെന്ന് ഞങ്ങൾക്ക് തോന്നിത്തുടങ്ങുമ്പഴേക്കും ഞങ്ങളെ രാത്രി ഭക്ഷണത്തിനായി വിളിച്ചു. ചപ്പാത്തിയും ചിക്കൻ കറിയും. വളരെ ആവേശത്തോടെ ആവിപറക്കുന്ന നല്ല മണമുള്ള ചിക്കൻ കറികൂട്ടി ഒരു കഷ്ണം ചപ്പാത്തി കഴിച്ചെങ്കിലും പ്രതീക്ഷകൾ അവിടെ തകർന്നു. ചെറിയ കൈപ്പാണ് ആദ്യം കിട്ടിയ രുചി. ഒന്നുരണ്ടു വട്ടം വീണ്ടും കഴിച്ചു നോക്കിയപ്പോൾ കാര്യം മനസിലായി. മല്ലിപ്പൊടിയുടെ അതിപ്രസരമുണ്ട്, പിന്നെ ഒന്ന് കളറാക്കാൻ അണ്ണന്‍ അതിലേക്ക് പൈനാപ്പിള്‍ എസ്സെന്‍സുമിട്ടിരുന്നു. അനീസും സിറാജിക്കയും ഒരേസ്വരത്തിൽ പറഞ്ഞു അണ്ണന്റെ അമ്മയില്ലാത്തതിന്റെ കുറവാണ് ഇങ്ങനെ ഒരു അവസ്ഥക്ക് കാരണം എന്ന്. രാജാ അണ്ണന്റെ അമ്മ അവരുടെ അമ്പലത്തിലെ പൂരത്തിന് പോയിരിക്കായിരുന്നു. ഭക്ഷണം അമ്മയുടെ ഡിപാര്‍ട്ട്മെന്റ് ആയിരുന്നു. അതിന്റെ വ്യത്യാസം ശരിക്കും മനസ്സിലായി. വല്ല്യ മോശല്ലാത്ത ഭക്ഷണം ആയിരുന്നു, പക്ഷെ അനീസ് മുൻപ് തന്ന ഹൈപ്പിൽ കുടിങ്ങിപ്പോയത് കൊണ്ടാവുമെന്ന് ഞങ്ങളും സമാശ്വസിച്ചു. 


ഭക്ഷണം കഴിഞ്ഞ് റൂമിൽ ചെന്ന് അല്പം വിശ്രമിച്ച ശേഷം സോളിഡാരിറ്റി ജില്ലാ സെക്രട്ടേറിയറ്റിലേക്ക് കടന്നു. അതിലിടക്ക് ഉറക്കത്തിലേക്ക് വഴുതിപ്പോയി സുബ്ഹിവരെ സെക്രട്ടേറിയറ്റിൽ ഇരുന്നവരുമുണ്ട്. പ്രധാനപ്പെട്ട തീരുമാനങ്ങൾക്കൊടുവിൽ സെക്രട്ടേറിയറ്റ് പിരിഞ്ഞ് ഉറങ്ങാനായി രണ്ടു റൂമിലേക്കായി പിരിഞ്ഞു.


സുബഹി നമസ്‌കാരത്തിനായി എല്ലാവരും കൃത്യസമയത്തു തന്നെ ഉണർന്നു. റമദാനില്‍ അത്താഴത്തിന് വെച്ച അലാം ഇനിയും ഓഫാക്കിയിട്ടില്ലാത്തതിനാല്‍ 4 മണിക്ക് തന്നെ പലരും ഉണർന്നിരുന്നു. സുബഹി നമസ്കാരത്തിന് നേതൃത്വം കൊടുക്കാൻ ഈയുള്ളവനെയാണ് നിയോഗിച്ചത്. തലേ ദിവസം കന്തൂറയിട്ട് നടന്നത് കൊണ്ട് അ:ഷെയ്ഖ് അൻസാർ അൽ കന്തൂരി എന്ന പേര് വീണിരുന്നു. അങ്ങനെ ഷെയ്ഖ് ആയി തന്നെ ഇമാമത്തു നിന്നു. പൊതുവെ പുലർച്ചെയുള്ള തണുപ്പും ഈ സ്ഥലത്തിന്റെ പ്രത്യേക കാലാവസ്ഥയും ശ്വാസം എടുത്ത് പാരായണം ചെയ്യാൻ കുറച്ച് പ്രയാസപ്പെടുത്തി. ഇടയിലെപ്പഴോ വിറയലും കയറി വന്നപ്പോള്‍. ശുഭം!


നമസ്‌കാര ശേഷം വീണ്ടും ഒരുമിച്ചിരുന്നു ഒരുപാട് സംസാരിച്ചു ഇടക്ക് വെച്ച് ഉറക്കത്തിലേക്കു വഴുതി പോയവരും രണ്ട് റക്അത്ത് ഉറങ്ങാൻ പോയവരുമുണ്ടായിരുന്നു. മറ്റുചിലർ മലമുകളിലെ പ്രഭാതം മനസ്സിലും ഫോണിലും പകർത്തി നേരം വെളുപ്പിച്ചു. 


പ്രാഥമിക കൃത്യ നിർവഹണത്തിന് ശേഷം നല്ല കട്ടൻ ചായയും കുടിച്ച് അടുത്ത വ്യൂ പോയിന്റിലേക്ക് കാല്‍നടയായി യാത്ര തിരിച്ചു. വലിയ സാഹസങ്ങൾ ഒന്നുമില്ലെങ്കിലും ഇറക്കവും കയറ്റവും പ്രയാസപ്പെടുത്തി. കുത്തനെയുള്ള  ഇറക്കങ്ങൾ കാല്‍‌മുട്ടുകള്‍ക്ക് പ്രതിസന്ധിയാകുമ്പോൾ കയറ്റങ്ങൾ ആളെ ശ്വാസം മുട്ടിച്ചു . ഇഞ്ചിപ്പുല്ല് കൃഷിയിടങ്ങളിലൂടെ പുല്ല് തൈല വാസനയോടെ ഉന്മേഷത്തോടെ യൂക്കാലി മരങ്ങളും ഇലകളും തഴുകി പ്രസന്നവദരായി വ്യൂ പോയിന്റിൽ എത്തി. ഇഞ്ചിപ്പുല്‍ കൃഷിയുള്ളതു കൊണ്ട് തന്നെ അട്ടകള്‍ ഇല്ലായിരുന്നു. അത് ചെറുതല്ലാത്തൊരു ആശ്വാസമായിരുന്നു. ചുറ്റിലും മലകളും ചെറിയ അരുവികളും വെള്ളച്ചാട്ടങ്ങളും നിറഞ്ഞു നില്‍ക്കുന്നു. ചിലർ ഉറക്കെ കൂകി വിളിച്ചു നോക്കി. മറ്റുചിലർ നല്ല ഫ്രെയിമിനായുള്ള തിരച്ചിലിലായിരുന്നു. ഒടുവിൽ ഫോൺ ഒരു മര കഷ്ണത്തില്‍ ചാരി ഗ്രൂപ്പ് ഫോട്ടോയെടുത്തു. 


വിശപ്പിന്റെ വിളിനാളങ്ങൾ ആമാശയവും കടന്ന് ചെവിയിൽ മദ്ദളം കൊട്ടുന്നുണ്ടായിരുന്നു. ഇറങ്ങി വന്ന വഴികൾ കയറിച്ചെല്ലാൻ ലേശം പ്രയാസപ്പെട്ടു. മഡ് ഹൗസ് എത്തിയതും കയ്യും മുഖവും കഴുകി തീൻ മേശയിലേക്കോടി. നല്ല ആവി പറക്കുന്ന പുട്ടും കടലയും പപ്പടവും. തലേന്നുണ്ടായ പ്രശ്നങ്ങളൊന്നും ഇല്ലാത്ത സിമ്പിൾ ഭക്ഷണം. ഭക്ഷണം കഴിഞ്ഞ് വീണ്ടും ഇത്തിരി നേരം ഉറങ്ങാനും നടു നിവര്‍ത്താനും ഓടിയവരാണ് ഏറെയും. 


സമയം വല്ലാതെ വൈകുന്നതിനുമുന്‍പ് എല്ലാവരും തിരിച്ച് നാട്ടിൽ പോകാനുള്ള തയ്യാറെടുപ്പിലേക്ക് കടന്നു. എത്ര കുളിച്ചാലും മതി വരാത്ത മലമുകളിൽ നിന്നൂറിയൊലിച്ചു വരുന്ന തണുത്ത വെള്ളത്തിലുള്ള നീരാട്ട്. ഒരേ സമയം മെയ്യും മനസ്സും കുളിരണിയിച്ച നിമിഷങ്ങൾ. 


ജീപ്പിലുടെ കയറിയ വഴികൾ ഇനി നടന്നിറങ്ങാം എന്ന സമവായത്തിൽ എല്ലാവരും എത്തിയിരുന്നു. അതിനായി വേറെ പൈസ ചിലവാക്കണ്ട എന്നതായിരുന്നു തീരുമാനം. ലഗേജ് താങ്ങി 45 മിനിട്ടുള്ള നടത്തം വല്ലാത്ത അനുഭവമായിരുന്നു. ഇടക്ക് വഴിയിൽ കാണുന്ന അരുവിയിൽ നിന്ന് മുഖം കഴുകിയും കാൽ നനച്ചും എല്ലാ പ്രയാസങ്ങളും മറന്ന് കയ്യിൽ ഒരു വടിയും കുത്തി ലക്ഷ്യസ്ഥാനത്തിലേക്ക് നടന്നെത്തി. ലഗേജുകളെല്ലാം വണ്ടിയിൽ നിറച്ച് തിരിച്ചുള്ള യാത്രക്കൊരുങ്ങി.


മൂന്നാർ വഴി ഇറങ്ങി വരാം എന്നായിരുന്നു തീരുമാനം. വരും വഴി ശർക്കര ഉണ്ടാകുന്ന സ്ഥലത്തു പോയി ശർക്കര വാങ്ങണം. പറ്റുമെങ്കിൽ വേറെയും സ്ഥലങ്ങൾ കാണണം എന്നൊക്കെ ആഗ്രഹമുണ്ടായിരുങ്കിലും ശർക്കര വാങ്ങിയതല്ലാതെ വേറെ ഒന്നിനും സമയം ഉണ്ടായിരുന്നില്ല.


തലേന്ന് ഉച്ചക്ക് ഊണ് കഴിച്ചിടത് തന്നെ പോയി നാടൻ ഊണ്ണും ഓംലെറ്റും കഴിച്ച് കാടും ചുരവും താണ്ടിയിറങ്ങി. ഫ്രണ്ട് സീറ്റിൽ ഇടക്ക് ചെയർമാനുപകരം ഇച്ചാനു വന്നിരിന്നിരുന്നു. വണ്ടിയിലെ സംസാരവിഷയം തലേന്ന് പാറ കെട്ടിൽ വെച്ച് കണ്ട പാമ്പിനെക്കുറിച്ചായിരുന്നു. പൊടുന്നനെ കാലിൽ ചൊറിഞ്ഞ ഇച്ചാനുവിന്റെ കയ്യിൽ ചോര കണ്ടു. ഞാൻ അല്പം ഭയന്നു. അല്പമല്ലാതെ അവനും. അട്ട കടിച്ചതാവണേയെന്ന് ഉള്ളിൽ തട്ടി പ്രാർത്ഥിച്ചു. ഞാൻ വേഗം വണ്ടി ഒതുക്കി. അവൻ വണ്ടിയിൽ നിന്ന് ചാടിയിറങ്ങി. കാലിൽ നിന്ന് ചോര നിർത്താതെ ഒഴുകുന്നൂ. കാലിൽ രണ്ട് കുത്തുമുണ്ട്. ആകെ പരിഭ്രമിച്ചു നിൽകുമ്പോൾ അതാ വണ്ടിയിൽ നിന്ന് ഒരു ഉണ്ടപ്പന്‍ അട്ട നിരങ്ങി നീങ്ങുന്നു. കാലിൽ ചൊറിഞ്ഞപ്പോൾ പാവം വീണുപോയതാണ്.


അൽഹംദുലില്ലാഹ് !! മനസ്സിൽ ഉറക്കെ മന്ദ്രിച്ചു. കാടിറങ്ങി വരും വഴി ചായ കുടിക്കാൻ നിർത്തിയപ്പോൾ കയറിക്കൂടിയതാണ് എന്ന് തോനുന്നു. വഴിയിൽ ഒരു ചെറിയ വെള്ളച്ചാട്ടത്തിന്റെ അരികിലായി ഒരു ചായക്കട കണ്ട് ഞങ്ങൾ വണ്ടി നിർത്തിയിരുന്നു. വെള്ളത്തിനിടയിലെ പാറയിൽ ഇരുന്ന് ചായ കുടിച്ച് കുറച്ച് ഫോട്ടൊ എടുത്തതും പോരാഞ്ഞിട്ട്, ലേശം കൗതുകം കൂടുതൽ ഉള്ളത് കൊണ്ട് തന്നെ ഇച്ചാനു ഈ പാറക്കെട്ടും കടന്ന് തേയിലത്തോട്ടത്തിന്റെ മുകളിൽ കയറിയിരുന്നു. കൂടെ ഞാനും. അങ്ങനെ കിട്ടിയതാണീ അട്ട-കടിയെന്ന് മനസ്സിലാക്കി. കാലൊക്കെ കഴുകി വീണ്ടും യാത്ര തുടർന്നുവെങ്കിലും എനിക്കും കാലിൽ എന്തോ അരിക്കുന്നത് പോലെയൊരു പ്രയാസം അനുഭവപ്പെട്ടു. ഞാൻ അത് അത്ര കാര്യമാക്കിയില്ല. കാരണം പൊതുവേ അട്ട കടിച്ചത് കണ്ടാൽ തന്നെ കൂടെയുള്ളവർക്കും തന്റെ മേലും അട്ടയുണ്ടോ എന്ന് തോന്നാറുള്ളതാണല്ലോ. എങ്കിലും വണ്ടി ഓടിക്കുന്നതിന്റെ ഇടക്ക് എന്റെ കാലിൽ ഇടക്കിടക്ക് ഞാൻ തൊട്ടുനോക്കികൊണ്ടിരുന്നു. പൊടുന്നനെ ഒരു തണുപ്പ് തോന്നിയപ്പോൾ ഞാൻ വേഗം വണ്ടി നിർത്തി നോക്കി. അതാ എന്റെ കാലിലും ഒരു അട്ട. അപ്പഴേക്കും ഇച്ചാനു ബോഡി സ്പ്രെ എടുത്ത് അട്ടയെ ലക്ഷ്യമാക്കി ഒറ്റ അടി. അതങ്ങനെ കൊഴിഞ്ഞു താഴെ വീണു.


ഞങ്ങൾ വീണ്ടും യാത്ര തുടർന്നു. അടിമാലി എത്തിയതോടെ പള്ളിയിൽ കയറി ളുഹറും അസ്വറും നമസ്കരിച്ചു. നമസ്കാരശേഷം നല്ല പാൽ ചായയും ചായക്കടികളും കഴിച്ച് അല്പം വിശ്രമിച്ചതിന് ശേഷം യാത്ര വീണ്ടും തുടർന്നു. വണ്ടിയുള്ളവരെല്ലാം നല്ല ഉറക്കത്തിന്റെ മൂഡിലായിരുന്നു. അധികം സംസാരങ്ങൾ ഉണ്ടായിരുന്നില്ല. പാട്ടുകൾ മാറി മാറി വന്നു കൊണ്ടിരുന്നു.


പിന്നീടുള്ള യാത്രയിലുടനീളം മഡ് ഹൗസും അവിടെത്തെ അനുഭവങ്ങളും മനസ്സിൽ മിന്നി മറഞ്ഞു. ഞാൻ ആരൊക്കെ ആയിട്ടാണ് യാത്ര ചെയ്യുന്നത്, ഇവരെയൊക്കെ ഞാൻ എങ്ങനെ പരിചയപ്പെട്ടു, ഞങ്ങൾക്ക് എങ്ങനെ പരസ്‌പരം യാത്ര ചെയ്യാനും മനസ്സിലാക്കാനും സ്നേഹിക്കാനും സാധിക്കുന്നു. അങ്ങനെ അങ്ങനെ പലവിതങ്ങളായ ചോദ്യങ്ങൾ. അതിനെല്ലാം ഒരൊറ്റ ഉത്തരം മാത്രം മനസ്സിൽ വ്യക്തമായി തെളിഞ്ഞു നിന്നു "അൽ മുതഹാബീന ഫില്ലാഹ്" അല്ലാഹുവിനു വേണ്ടി പരസ്‌പരം സ്നേഹിച്ചവർ.

Saturday, May 6, 2023

കവിത


കവിത പൂത്തത്

പൂമൊട്ടില്‍..

വിരുന്നെത്തിയത്

മധുപന്മാര്‍..

വിളംബിയത് 

പൊന്‍കിണ്ണത്തില്‍.. 


നുകര്‍ന്നത്

തുടുത്ത ചുണ്ടുകളാല്‍..

പകര്‍ന്നത്

ഹൃദയസാരംഗിയില്‍..


--------------------

16 സെപ്‌റ്റംബർ 2013 ല്‍ എഴുതിയത്  


-അന്‍‌സാര്‍ മഞ്ഞിയിൽ


എൻ്റെ ആദ്യ കവിത




മഴ മേഘങ്ങള്‍

വെണ്‍മണി തുളളികളാല്‍

ഭൂമിയെ ഈറനണിയിച്ചു.

മണ്ണിൻറെ ശാദ്വല തീരങ്ങളെന്നെ  കുളിരണിയിച്ചു.

ആ  കുളിര്‍തെന്നലില്‍ ഞാനും മയങ്ങി.

                       

വൃശ്ചിക കാറ്റില്‍ മൊഴിയും

ദല മര്‍മരങ്ങള്‍ 

താളമായ് പൊഴിയവേ.

ഞാന്‍ പാടുമീഗാനം 

കുയിലിന്‍  മറുപാട്ടിനായ്.


--------------------
14 സെപ്‌റ്റംബർ 2013 ല്‍ എഴുതിയത്

-അന്‍‌സാര്‍ മഞ്ഞിയിൽ

Friday, May 5, 2023

ബർഗർ എന്ന മോഹം


രണ്ട്‌ മൂന്ന് ദിവസമായി എന്തെങ്കിലും കനത്തിൽ കഴിക്കണമെന്ന് മനസ്സും വയറും ഒരുപ്പോലെ മന്ത്രിക്കുന്നു.. ഇന്ന് പക്ഷെ അതൊരു ഗർജ്ജനമായിരുന്നു.. ഈ മോഹവുമായി ചെന്നുപെട്ടതോ ഒരു പട്ടിണി സിംഹത്തിന്റെ മുന്നിൽ എന്ന് പറഞ്ഞാൽ മതിയല്ലോ.. ഈ ആവിശ്യം കേട്ട പാതി കേൾക്കാത പാതി ബർഗർ കഴിക്കാം എന്ന് സിയാദും ഞാനും ഏറ്റു..

7 മണിക്ക്‌ ശേഷം പോകാമെന്നാണ്‌ കരുതിയത്‌..

ഞങ്ങൾ തമ്മിൽ കണ്ടാൽ പിന്നെ വിഷയങ്ങൾക്കുണ്ടോ പഞ്ഞം.. എന്തും ഏതും പറയും.. അതിന്റെ ഇടക്ക്‌ വാട്സപ്പ് ഗ്രൂപ്പിൽ ഒരു അനക്കം കണ്ടു.. ഞാൻ നേരെ പോയി ഇന്നതെ പ്ലാൻ നടക്കാത്തതിലുള്ള നിരാശയും നീരസവും പങ്കുവെച്ചു അപ്പ്പോൾ തന്നെ സ്വാതിയും ജിത്തുവും അവരുടെ നിസ്സഹായതയും സങ്കടവും വിവരിച്ചു.. പിടിച്ചത്‌ കടിച്ചതിനേക്കാൾ വലുതെന്ന് പറഞ്ഞതുപ്പോലെ എന്ന് പറയാലോ.. സിനിമ കണ്ടില്ലേലും കനത്തിൽ കഴിക്കാൻ തന്നെ ആയിരുന്നു അവരുടെ പരിപാടിയും.. പക്ഷെ വില്ലാനായി വന്ന പനി അതും കൊത്തി കൊണ്ടുപോയി എന്ന് പറഞ്ഞാൽ മതി.. ഇവിടെ പനി കൊണ്ടുവന്ന് വില്ലൻ വേഷം ഗംഭീരമാക്കിയ മോളൂട്ടി പ്രത്യേകം കയ്യടി അർഹിക്കുന്നു..പക്ഷെ സ്വാതി ഒരു മുഴം മുന്നേ തന്നെ അല്ലാം സെറ്റാക്കി..വീട്ടിലെത്തേണ്ട താമസം ഫുഡ്‌ ഓർഡർ ചെയ്ത് ഒരുങ്ങിയിരിക്കായിരുന്നു..

സംസാരിച്ചിരുന്ന് സമയം പോയതറിഞ്ഞില്ല.. താഴെ നിന്ന് ഉമ്മ വിളിച്ചപ്പോഴാണ്‌ സമയം നോക്കിയത്‌‌‌..

നമസ്കാരം കഴിഞ്ഞ്‌ മുമ്പ് ഏറ്റത്‌ പൊലെ പുറത്ത്‌‌ പോകാൻ നേരം ദാ വരുന്നു അടുത്ത വില്ലൻ.. നല്ല കാറ്റും മഴക്കോളും.. എന്നാൾ പിന്നെ പോവണ്ടാന്ന് തീരുമാനിച്ചതാണ്‌.. എങ്കിലും മനസ്സനുവദിച്ചില്ല.. പിന്നെ ഒന്നും നോക്കിയില്ല നേരെ ചിക്കിംഗ്‌..!!

ആലുവാ മണപുറത്തെ വെല്ലുന്ന തിരക്കെന്ന് പറയാലോ.. എവിടെ ഓഫറുണ്ട്‌ അവിടെയുണ്ട്‌ മലയാളി.. സമയം 8:15 ക്യൂ നിന്ന് ഓർഡർ ചെയ്തു.. 9 ആയപ്പോൾ ഒന്നു കൂടെ പോയി തിരക്കി.. ക്ഷമയും ക്ഷമയുടെ ഉപ്പാപ്പയും കടന്ന് ചെന്ന് ആമാശയതിൽ നിന്ന് തീപ്പൊരി പാറി.. അപ്പഴേക്കും വിശപ്പിന്റെ ഗർജനം മർമ്മരമായി എന്ന് പറയാം.. പലകുറി ഇറങ്ങിപ്പോകാൻ തുനിഞ്ഞതാണ്‌.. അവസാനം.. ഞങ്ങളുടെ വിപ്ലവത്തിനു മുൻപിൽ അവർ തോറ്റു തുന്നമ്പാടി.. അങ്ങനെ 9:15 ആയപ്പോൾ ബർഗറെത്തി എന്നാൽ അതിലെ ഡ്രിംങ്‌സും ഫ്രയ്സും ഇനിയും എത്തിയില്ലാ.. ബർഗർ കിട്ടേണ്ട താമസം ഞങ്ങൾ ആന വായിൽ അമ്പഴങ്ങ കണക്കേ അതിനെ അകതത്തോട്ടേയ്‌ക്കാട്ടാവാഹിച്ചു.. ഒരുമയുണ്ടേങ്കിൽ ഉലക്കപുറത്തും കിടക്കാം എന്ന് തോന്നിയത്‌ കൊണ്ടാണോ എന്നറിയില്ല രണ്ട്‌ കോമ്പോ പാക്ക്‌ പറഞ്ഞ ഞങ്ങൾക്ക്‌ ഫ്രയ്സ്‌ ഒറ്റ പാത്രത്തിലാണ്‌ കൊണ്ടുവന്നത്‌.. തിരക്കായതുകൊണ്ടാണ്‌ എന്നായിരുന്നു അവരുടെ വാദം..പ്രതിഷേധം അണപൊട്ടി..പിന്നെയും കാത്തിരുപ്പ്‌ തുടർന്നു. ഒരു പക്ഷെ ഒരു കാഞ്ജനക്കും ഇങ്ങനെ ഒരു ദുർവിധി ഉണ്ടായിട്ടില്ലന്ന് തോന്നിപ്പോയി.. ചൊണിവന്ന സിയാദും ഞാനും മാറി മാറി ആക്രോശിച്ചു..ഒടുവിൽ അവരുടെ കുറ്റ സമ്മതം..ഓർഡർ തെറ്റി തന്നതാണെന്ന്.. അങ്ങനെ ബാക്കി വിഭവങ്ങളും എത്തി..ഇത്‌ കൊണ്ടുവന്നവനോട്‌ ചത്തവനെന്തിന്‌ ജാതകം എന്ന് ചോദിക്കാതെ ചോദിച്ചൂ.. അപ്പഴേക്കും മനസ്സുകൊണ്ട്‌ ചിക്കിങിനെ വെറുത്തിരുന്നു..എരിതീയിൽ എണ്ണയൊഴിക്കുന്നത്‌ പോലെ ഓരോ ഫ്രയ്യും സോസ്സിൽ മുങ്ങി എണീക്കുമ്പോൾ എന്ത്‌ വില കൊടുത്തും ഇതിനു പ്രതികാരം ചെയ്യണം എന്ന ഒറ്റ ചിന്ത മാത്രമായിരുന്നു മനസ്സിൽ.. ആദ്യം മനസ്സിൽ തെളിഞ്ഞത്‌ സാക്ഷാൽ കെ.എഫ്‌.സി. തന്നെ.. ഇതിലും നല്ല പ്രതികാരം വേറെയുണ്ടോ.. അവിടെ പോയി ആവോളം മനസ്സും വയറും നിറയ്കണം..മടുക്കും വരെ തിന്നണം.. ചിക്കിങ് ഇതോർത്ത്‌ കരയണം..പിന്നെ ഒന്നും നോക്കിയില്ലാ ഒറ്റ നിശ്വാസ്സം പ്ലേറ്റ് ക്ലീൻ.. പെപ്‌സി പ്രിയരല്ലാഞ്ഞിട്ടും ഡ്രിംങായി കൊണ്ടുവന്ന പെപ്‌സി മോന്തി കുടിച്ചു.. കാരണം ഇനിയൊരു മാറ്റത്തിനു മുതിർന്നാൽ അത്‌ ചുടല കൊടുത്ത്‌ അടിവാങ്ങുന്നതു പോലെ ആവും എന്ന് നല്ല പോലെ അറിയായിരുന്നു..ആറ്റുനോറ്റ ബർഗർ മോഹം അങ്ങനെ അപ്പുകുട്ടൻ പറഞ്ഞതു പോലെ കലങ്ങിയില്ലമ്മാവാ എന്ന അവസ്ഥയായിപ്പോയി..മഹേഷിനു ലൂണാർ ചെരിപ്പിനു പ്രതികാരമാവമെങ്കിൽ ഞങ്ങള്‍ക്ക്‌ ഇതുമാവാം.. അല്ലാ പിന്നെ..!! ഇനി ബാക്കി കെ.എഫ്‌.സി.യിൽ കാണാമെടാന്ന് അവരെ വെല്ലും വിളിച്ച്‌ രണ്ട്‌ അവിഞ്ഞ ഏമ്പക്കവുമിട്ട്‌ ഇങ്ങ്‌ ഇറങ്ങി പോന്നൂ.. !!

ശുഭം..!!

ഭാഗ്യമുണ്ടെങ്കിൽ ഇനി കെ.എഫ്.സി  യിൽ കാണാം..

-----------------------------------------------

28 ജൂലൈ 2016 ൽ എഴുതിയത്


-അന്‍‌സാര്‍ മഞ്ഞിയിൽ


Thursday, March 12, 2020

സ്നേഹമാണ് അഖില സാരമൂഴിയിൽ


ഓർമ്മകലിളേക്ക് തോണിതുഴയുന്നത് എപ്പൊഴും ഒരു സുഖമുള്ള അനുഭൂതിയാണ്. ഈ ഇടയായി ഒരുപാട് പഴയ ഓർമ്മകൾ മനസ്സിലേക്ക്‌ ചേക്കേറുകയുണ്ടായി. അതിൽ  ഒന്ന്  ഇവിടെ കുറിക്കുന്നു.

എന്റെ ബാല്യത്തിന്റെ തുടക്കം ഖത്തറിൽ ആയിരുന്നു. ഉപ്പ ഉമ്മ ഇക്ക ഞാനും ഹിബയും അടങ്ങുന്ന ഒരു കൊച്ചു സ്വർഗം അതിലേക്ക് ഇരട്ടി മധുരമായി  ഹമ്മുവും കടന്നു വരുന്നു. റുമൈലയിലെ ആ കൊച്ചുവീട് ഞങ്ങളുടെ അല്ലാം ആയിരുന്നു.

ഞാനും ഇക്കയും ഒപ്പിച്ച വെക്കുന്ന ഗുലുമാലുകൾ, പറക്കമുറ്റാത്ത ഹിബ, സ്വർഗ്ഗവാതിൽ തള്ളിത്തുറയ്ക്കാൻ തക്കം പാത്തിരിക്കുന്ന ഹമ്മു, അതിരുകളില്ലാത്ത സ്നേഹക്കടലായി ഞങ്ങളെ വാരിപുണരുന്ന ഉപ്പയും ഉമ്മയും.


വെള്ളിയാഴ്ചകളിൽ  അളിയൻ മാമായും വണ്ടി മാമയുമാണ് ഞങ്ങളുടെ സ്ഥിരം അതിഥികൾ. വാരാന്ധ്യ ഖുർആൻ ക്ലാസ്സുകളും അന്നേദിവസമാണ് നടക്കാറുള്ളത്. അതൊരു ആഘോഷമാണ്. ഒരുപാട് കുടുംബങ്ങൾ ഒത്തുകൂടി പരസ്പര ബന്ധങ്ങൾ പുതുക്കുന്നു പഠിക്കുന്നു ഒന്നിചോരുമ്മിച്ച് റബ്ബിലേക്ക് അടുക്കുന്നു.

ഞാനും ഇക്കയും ഈ സമയങ്ങളിൽ അടുക്കളയിലാണ് നിലയുറപ്പിക്കാറുള്ളത്. അന്ന് ഞങ്ങളുടെ കണ്ണുകൾ വരുന്ന അതിഥികളുടെ  കൈകളിലേക്കായിരിക്കും. അവർ കൊണ്ടുവരുന്ന ചിപ്സ് പാക്കറ്റുകളാണ് ഞങ്ങളുടെ ലക്ഷ്യം. അവർ വന്ന് പോകുമ്പഴേക്കും അത് ഞങ്ങളുടെ ആമാശയത്തിന്റെ അതിഥികളായി മാറിയിട്ടുണ്ടാവും.

ആ തിരക്കുകൾ കഴിഞ്  വരുമ്പഴേക്കും മാമമാരിൽ ആരെങ്കലും  ഒരാൾ വന്നിരിക്കും. ഉപ്പയുമായി സൊറപറഞ്ഞ്  ഉമ്മ ഉണ്ടാക്കിയ പലഹാരങ്ങൾ കഴിച്ച് കിടക്കാൻ നേരം മാമ കൊണ്ട് വന്ന ആ വാരം ഇറങ്ങിയ പുതിയ സിനിമ കാസറ്റ് കണ്ട് ഉറങ്ങാൻ ഒരുനേരമാവും. അന്ന് കണ്ടത് പേടിപ്പെടുത്തുന്ന വെല്ല സിനിമയാണെങ്കിൽ അന്നത്തെ ഉപ്പാടെ ഉറക്കം ഗോപി എന്ന് പറഞ്ഞാൽ മതി. നാഴികക്ക് നാൽപ്പത് വട്ടം ഉപ്പ ഉപ്പ എന്ന് വിളിച്ച് വിളിച്ച് മുഖം മുഖത്തോട് അടുപ്പിച്ച് ഉറങ്ങുമ്പഴേക്കും നേരം വെളുക്കും.

ഇങ്ങനെ സമാധാനപരമായി ജീവിതനൗക തുഴയുമ്പോളാണ് എനിക്ക് അപ്രതീക്ഷിതമായി വയറുവേദന വരുന്നത്. എന്നെ സംബന്ധിച്ചെടത്തോളം ഭക്ഷണം എന്നത് ചിപ്പ്സ്സും മിഠായിയുമൊക്കെയാണ്.
ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഇന്റെർവെല്ലിൽ കുട്ടികൾ വടയും ഇഡ്ഡലിയുമൊക്കെ കഴിക്കുമ്പോൾ ഞാൻ കഴിക്കുന്നത് കോലുമിഠായിയാണ്. ഇത് ഉപ്പാക്ക് നല്ലപോലെ അറിയാവുന്നത് കൊണ്ട് ഞാൻ വയറുവേദന എന്ന് പറഞ്ഞപ്പോൾ ഉപ്പ ആദ്യം എടുത്തത് ചുരലാണ്.

അന്ന് ഞാൻ സ്‌ക്കൂളിൽ പോയില്ല. ഉമ്മ കൊണ്ട് വന്ന ഒരു ഗ്ലാസ്സ് പാലും വല്യ പാക്കറ്റ് ബിസ്ക്കറ്റും ചുരൽ പഴം കാണിച്ച് എന്നെ കൊണ്ട് കഴിപ്പിച്ചട്ടാണ് ഉപ്പ ജോലിക്ക് പോയത്. കഴിക്കാൻ പറ്റില്ല എന്ന് പറഞ്ഞാൽ ചൂരൽ പഴവും കിട്ടും എന്നതിനാൽ ഞാൻ അത് മുഴുവൻ കഴിച്ച് ക്ഷീണിതനായി ഉറങ്ങിപ്പോയി. ഇടക്കെപ്പഴോ എണീറ്റ് ഞാൻ നിലവിളിക്കുന്നുണ്ടായി. ഉമ്മ വയറ്റിൽ വിക്സ് തേച്ച് എന്നെ വീണ്ടും ഉറക്കി. പക്ഷെ അത് അതികനേരമുണ്ടായില്ല. എനിക്ക് നിവരാനെ പറ്റുന്നുണ്ടായില്ല. ചെമ്മീൻ പോലെ ചുരുണ്ടുകൂടി കിടന്നു ഞാൻ.
എന്ത് ചെയ്യണമെന്നറിയാതെ ഉമ്മ ഉപ്പാനെ വിളിച്ചു. അപ്പഴേക്കും അളിയൻമാമ വന്ന് ഞങ്ങളെ അടുത്തുള്ള ക്ളീനിക്കിലേക്ക് കൂട്ടികൊണ്ടുപോയി.
അവിടെ ചെന്നപ്പോൾ ദഹനകുറവാണ് എന്ന് പറഞ്ഞ് പ്രാധമിക ചികിത്സയായി ഗ്ലുക്കോസ് കയറ്റി. അത് കൂടാതെ ഒരു ഗുളിക മൂട്ടിൽ കയറ്റുന്നുടായിരുന്നു. ഗുളികകൾ ഒരുപാട് കയറ്റിയിട്ടും എന്റെ വയറ് അനങ്ങാപാറയായി നിന്നു. ഞാൻ വീണ്ടും നിലവിളിക്കാൻ തുടങ്ങി. എനിക്ക് ചുറ്റും ഒരുപാടുപ്പേർ തടിച്ചുകൂടി.

ദൈവാനുഗ്രഹം പോലെ ഒരു ഡോക്ടർ ഇത് കണ്ട് എന്റെ അടുത്തേക്ക് വന്ന് കണ്ടമാത്രയിൽ എന്തോ പന്തികേട് തോന്നി എക്സറേ എടുപ്പിച്ചു നോക്കിയപ്പോലാണ് എനിക്ക് അപ്പെന്ഡിക്സ് ആണെന്ന് മനസ്സിലായത്.
ഉടനെ ഓപ്പറേഷൻ ചെയ്യണമെന്ന് പറഞ്ഞ് എന്നെ ഹമദ് ഹോസ്പിറ്റലിലേക്ക് റഫർ ചെയ്തു.

ഞൊടിയിടയിൽ എന്നെ ആംബുലൻസിലേക്ക് കയറ്റി കൂടെ ഉപ്പയും. ഉമ്മ ഇതെല്ലാം കണ്ട് വിളർത്തുപ്പോയി.
പക്ഷെ ഞാൻ അപ്പഴേക്കും എന്റെ വേദനയെല്ലാം മറന്നിരുന്നു. ചീറിപ്പായുന്ന ആംബുലൻസുകൾ കണ്ട് അമ്പരന്ന് നിക്കാറുള്ള ഞാൻ അതിന്റെ അകത്ത് എന്താണെന്നറിയാൻ  കൊതിച്ചിരുന്നു. എന്റെ സ്വപ്ന സാക്ഷാത്കാരത്തിന്റെ  നിർവൃതിയിൽ ഞാൻ എല്ലാം മറന്നു. എന്റെ തലക്ക് മീതെ തെളിയുന്ന വിളിയ്ക്കുകൾ നോക്കി കൗതുകത്തോടെ കിടന്നു ഞാൻ. എന്റെ സന്തോഷം പങ്കുവെക്കാൻ വെമ്പി ഞാൻ എന്റെ ഇക്കാനെ തിരയുന്നുണ്ടായിരുന്നു. എന്നാൽ ഞാൻ കണ്ടത് വികാരങ്ങളുടെ കടലിരബത്തെ തന്നിലേക്ക് ആവോളം ആവാഹിച്ച എന്റെ ഉപ്പാടെ മുഖമാണ്. എന്റെ ജിജ്ഞാസ മനസ്സിലാക്കി എന്നെ നോക്കി  മന്ദഹസിക്കാൻ ഉപ്പ ശ്രമിക്കുന്നുണ്ടായിരുന്നു. 

ആശുപത്രിയിൽ എത്തി നേരെ ഓപ്പറേഷൻ തീയേറ്ററിലേക്കാണ് കൊണ്ട് പോയത്. അപ്പഴേക്കും ഉമ്മയും സഹോദരങ്ങളും മാമയുമായി അവിടെയെത്തി. തീയേറ്ററിൽ കേറാൻ നേരം നഴ്സുമാർ എനിക്ക് കളിപ്പാട്ടങ്ങൾ 
കൊണ്ട് തന്നു. അത്രയും കളിപ്പാട്ടങ്ങൾ ഒരുമിച്ച ഞാൻ കണ്ടതേയില്ല. ഞാൻ ഇടം കണ്ണ് കൊണ്ട് ഇക്കയെ നോക്കി ഇതെല്ലാം കാണിച്ച് കൊതിപ്പികാൻ ശ്രമിക്കുകയായ്യിരുന്നു. പക്ഷെ ഇക്ക നിർവികാരനായി ഉമ്മയോട് ചേർന്ന് നിന്നു. ഉമ്മ തെന്റെ കണ്ണുനീരാടക്കാൻ ശ്രമിക്കുമ്പോഴും  അതൊരു ഉറവയായൊഴുകിക്കൊണ്ടിരുന്നു.
എന്റെ സന്തോഷം എന്തെ ഇവർക്ക് മനസ്സിലാകാത്തത്. നോക്ക് എന്റെ കയ്യിലെ കളിപ്പാട്ടങ്ങൾ എന്നൊക്കെ എന്റെ മനസ്സിൽ ഞാൻ എന്നോട് തന്നെ പറയുന്നുണ്ടായിരുന്നു.

വൈകാതെ എന്നെ തീയേറ്ററിലേക്ക് കൊണ്ടുപ്പോയി. എനിക്ക് ചുറ്റും ഒന്ന് കണ്ണോടിച്ചപ്പോൾ ഞാൻ കണ്ടത് മുഖമൂടികൾ അണിഞ്ഞ് കയ്യുറദാരികളായ ഒരുകൂട്ടം യുദ്ധത്തിനെന്നപ്പോലെ തയ്യാറെടുക്കുന്നുതാണ്. വെള്ളിനിറത്തിൽ പലതരം ഉപകരണങ്ങൾ അങ്ങനെ എന്തൊക്കെയോ സാമകാരികൾ. ഇതെല്ലാം കണ്ട്  കിടക്കുന്നതിന്റെ ഇടയിൽ ഒരാൾ വന്ന് എന്റെ പേര് ചോദിച്ച് സംസാരിക്കുന്നതിന്റെ ഇടയിൽ എനിക്ക് ഒരാൾ ഓക്സിജൻ മാസ്ക് വെച്ചു തന്നു. അതിന്റെ മണം പറ്റാതെ വന്നപ്പോൾ എനിക്ക് വേണ്ട എന്ന് പറഞ്ഞ് ഞാൻ അത് ഊരിമാറ്റി.
എന്റെ കാഴ്ച മങ്ങുന്നത്പോലെ എനിക്ക് അനുഭവപെട്ടു എന്റെ കണ്ണുകൾ ഞാൻ അറിയാത്ത അടഞ്ഞു.
പിന്നീട് ഓർമ്മവരുമ്പോൾ എനിക്ക് ചുറ്റും എന്റെ സ്നേഹനിധികൾ നിൽപ്പുണ്ടായിരുന്നു.

അവർ സ്നേഹ തിരമാലകൾ തീർത്ത് ആ സ്നേഹക്കടലിലേക്ക് എന്നെയും കൂട്ടിക്കൊണ്ടുപോയി…

-അന്‍‌സാര്‍ മഞ്ഞിയിൽ

Monday, April 9, 2018

ഓര്‍‌മ്മയില്‍ നിന്നൊരേട്‌


പോക്കുവെയിലിന്റെ അവരോഹണത്തോടെ ഇളം തെന്നലിൽ പുതുമഴ കാത്തുകിടക്കുന്ന വയലുകളെ താണ്ടി ഞങ്ങൾ യാത്ര തുടർന്നു..റോഡിന്റെ ഇരുവശവും വീടുകൾ കണ്ടു തുടങ്ങി..ഇടതു വശത്തെ ഒരു വീടിനു മതിലുകളില്ലായിരുന്നു..അവിടെ മാത്രം കറന്റുമില്ല..ഉമ്മറത്തേക്ക്‌ വിളക്കുമായി ആരോ കടന്നു വരുന്നു..ഞങ്ങൾ അങ്ങോട്ടേക്ക്‌ നടന്നു..വിളക്കിന്റെ വെട്ടത്തിൽ തിളങ്ങുന്ന കണ്ണുകളേക്കാൾ അവരുടെ പുഞ്ചിരി ഞങ്ങളെ ‌വീട്ടിലേക്ക്‌ ആനയിച്ചു..ഞങ്ങളെ കണ്ട മാത്രയിൽ അകത്തേക്ക്‌ നോക്കി മോനേ ദേ നിന്റെ കുട്ട്യോൾ‌ വന്നൂട്ടാ..എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു..ഇരുട്ടിൽ നിന്ന് വിളക്കിന്റെ വെട്ടത്തിലേക്ക്‌‌ കുപ്പായത്തിന്റെ കുടുക്കുകളോരോന്നുമിട്ടു കൊണ്ട്‌ മാഷ്‌ നടന്നടുത്തു‌..


വൈകി ചെന്നതിലുള്ള നീരസസമൊട്ടും ഒളിപ്പിക്കാതെ മാഷ്‌ ഞങ്ങളെ അകത്തേക്ക്‌ സ്വീകരിച്ചിരുത്തി..

എണ്ണയിലിട്ട കടുക്‌ പൊട്ടും പോലെ സംസാരിചിരുന്ന മാഷ്‌ കുറച്ചു നേരം നനഞ്ഞ പടക്കം കത്തിച്ചത്‌ പോലെയിരുന്നു.

രംഗം പന്തിയല്ലന്ന് തോന്നിയതോടെ രണ്ട്‌ ദിവസം കഴിഞ്ഞ്‌ നടക്കാനുള്ള പരീക്ഷാ ചൂടങ്ങോട്ട്‌ നല്ലവണ്ണം‌ പകർന്നു കൊടുത്തു..അതോടെ‌ തൃശൂർ പൂരത്തിന്റെ വെടികെട്ട്‌ പോലെ സന്ധിയും സമാസവും പൊട്ടി വിരിയാൻ തുടങ്ങി... പലപ്പോഴും വാതിലുകളില്ലാത്ത‌ ജാലകങ്ങളെ തേടിയെത്തിയത്‌ കവിതകളുടെ സുഗന്ധം പേറിയ കുളിർ തെന്നലുകളായിരുന്നു... ഇടവേളകളിൽ പൊട്ടിയ ചില അമിട്ടുകൾ മനസ്സിൽ ചിരിമഴ പെയ്യിക്കുന്നുണ്ടായിരുന്നു..


മഴ തോർന്നു തുടങ്ങാനായപ്പോഴേക്കും ദാ വരുന്നൂ ചൂട്‌ കപ്പയും ചമ്മന്തിയും പിന്നെ നല്ല ആവി പറക്കുന്ന കട്ടൻ ചായയും.. മലവെള്ള പാച്ചലുപ്പോലെ വായിൽ വെള്ളമൂറി..കൂട്ടത്തിൽ ഒഴുക്ക്‌ കൂട്ടാൻ മത്തി കറിയുമെത്തിയതോടെ അത്‌ വള്ളം കളിയെ അനുസ്മരിപ്പിക്കുന്ന പ്രകടനമായിരുന്നു..ഞങ്ങളുടെ രസമുഗുളങ്ങളെ ഇത്രമേല്‍ സ്വാധീനിച്ച ഒരു ഭക്ഷണം വേറെയുണ്ടായിട്ടുണ്ടാവില്ല..


മലയാളവും പ്രകൃതിയും നാടൻ ഭക്ഷണവും ഒക്കെ കൂടി വളരെ ചുരുങ്ങിയ നേരം കൊണ്ട്‌ മനസ്സിലേക്ക്‌ ചേക്കേറിയ ഒരുപാട്‌ നല്ല ഓർമ്മകൾ സമ്മാനിച്ച ഒരു ദിവസമായിരുന്നു അത്‌..ഇടവേളകളിൽ പൊട്ടാതെ കിടന്ന ചില അമിട്ടുകൾ പോകാൻ നേരം പൊട്ടുകയും ചെയ്തതോടെ ഒരു കൂട്ടചിരിയോടെ നിറഞ്ഞ മനസ്സുകളോടെ ഞങ്ങൾ കൂടണഞ്ഞു..


-അന്‍‌സാര്‍ മഞ്ഞിയിൽ

Saturday, April 7, 2018

A Painful Memory


We all have awesome school memories and it always brings a smile when it flashes in our thoughts.
We all love to cherish those memories as long as we are alive. But there are some frames we try to cut out from the reel of memories. But every time we try to erase, it embarks in our oceanic thoughts.

I have been sailing through the haunting memories I had when I joined 1st standard in the midst of 1999 after relocating from Qatar to Kerala.

I don’t really remember the first day in the new school but I think my colleagues considered me as an English speaking Alien descended from other part of the world.
I have been studying in a school in Qatar from my KG classes to half of the 1st standard among different nationalities from all over the world in my class forced me to speak in English.
I guess the half yearly exams might have over by the time I joined the school in Kerala. Everyone in the class were classmates from LKG, UKG to 1st standard and surely they have made gangs out of it. So it might have been always hard for them to accommodate a new guy into their friends list. 
I remember some faces in my class asking my name and later warning me not to speak in English as I was not a son of a foreigner. And that forced me to speak Malayalam fluently and gradually to completely override the English in my brain. I believe this would have been the same situation for all NRI students who would have joined in a school in Kerala.

We know PT or physical training classes are much awaited ones for everyone. Even after the fun in the lunch break and other breaks we still awaits to play for another 45mins in the big ground exclusively with our friends.
For me it was no fun but a relaxing time from all the messes in the class and to be alone in a corner of the veranda watching others having fun. Because whenever I try to join them they back off me every time.

Day by day I was struggling to understand what was really going around me. All I know was the punishments I had for not answering the questions asked, incomplete notes, skipping the home works assigned and for failing in the class tests. For me teachers were enemies who were born to hinder the happiness in my life with a terror of punishments. Kneeling down on the floor by raising hands were even worse than getting beats with stick or scale. Because the marks and dirt on the white pants will again lead to another motherly warmth.

One day in a Math class we were having a class test. I was not confident about the answers I have.
One by one students were called to the teacher’s table for correcting the test paper. Stars were given for good marks, stares and pinches for the failed ones. I was so terrified and all I want was to escape from the pinch in my underarm.
I managed to copy one of the answer from a colleague who was standing in front of me in the queue. The question was “7+3=” for which I have already written the correct answer “10”. But I found a new answer in his book that was “1o” which was written much more like a “b”. Out of the curiosity of finding a new answer I just wrote it down with a belief that I will be spared from the upcoming punishment.
Unfortunately I got extra pinches, scolding and a shouting statement that “I am not fit for 1st standard and the right place for me is in KG class”.
That was not the end of the punishment but starting of something else.
The very time I see her I nearly piss in my pants. And gradually this made me weak in Math which brought in more and more trouble.
As per the statement one day she literally took me to the KG class next our block and made me sit over there for some time and letting me know that those KG students were much better than me. It was the major embarrassing moment in my life in front of my classmates and in front of the KG students.
I know that no one will be remembering those moments but only me. It still strikes hard inside me like an arrow. And still brings me a heartbreak the moment I get reminded of those days.

Eventually by the end of the academic year I was detained in 1st standard with the advice of the principal stating that I am weak in most of the subjects especially in Malayalam. And sitting another round in 1st standard is the only solution to improve me.
Though I was happy hearing that because I had a hope that I will have new bunch of colleagues with whom I can be friends, play during the PT classes and in the endless breaks to come.
And I was not wrong about it. I had more friends and I survived in the school till my 10th grade where my 1st standard Math teacher became my class teacher.

I always thought of asking her about those old days but I never had that courage to speak up.
I haven’t yet revealed all these memories to anyone around me nor with my parents. All I was doing was holding everything within me.
May be that is the reason it still pops up every time in my thoughts after these many years when I sail back to the olden days of my school life.

I wish if this was read by her to understand how painful it would be for a student to have such a painful memory of a teacher who must have been regarded as a role model and guiding light rather than being a pain in heart. 


-Ansar Manjiyil

ഹൃദയ തുരുത്തിലേക്കൊരു യാത്ര

സോളിഡാരിറ്റി തൃശ്ശൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളെ തിരഞ്ഞെടുത്തതിന് ശേഷം സെക്രട്ടേറിയറ്റ് അംഗങ്ങളുമായി ഒരു ദൂര യാത്ര പോകണം എന്ന്‌ അതിയാ...