പോക്കുവെയിലിന്റെ അവരോഹണത്തോടെ ഇളം തെന്നലിൽ പുതുമഴ കാത്തുകിടക്കുന്ന വയലുകളെ താണ്ടി ഞങ്ങൾ യാത്ര തുടർന്നു..റോഡിന്റെ ഇരുവശവും വീടുകൾ കണ്ടു തുടങ്ങി..ഇടതു വശത്തെ ഒരു വീടിനു മതിലുകളില്ലായിരുന്നു..അവിടെ മാത്രം കറന്റുമില്ല..ഉമ്മറത്തേക്ക് വിളക്കുമായി ആരോ കടന്നു വരുന്നു..ഞങ്ങൾ അങ്ങോട്ടേക്ക് നടന്നു..വിളക്കിന്റെ വെട്ടത്തിൽ തിളങ്ങുന്ന കണ്ണുകളേക്കാൾ അവരുടെ പുഞ്ചിരി ഞങ്ങളെ വീട്ടിലേക്ക് ആനയിച്ചു..ഞങ്ങളെ കണ്ട മാത്രയിൽ അകത്തേക്ക് നോക്കി മോനേ ദേ നിന്റെ കുട്ട്യോൾ വന്നൂട്ടാ..എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു..ഇരുട്ടിൽ നിന്ന് വിളക്കിന്റെ വെട്ടത്തിലേക്ക് കുപ്പായത്തിന്റെ കുടുക്കുകളോരോന്നുമിട്ടു കൊണ്ട് മാഷ് നടന്നടുത്തു..
വൈകി ചെന്നതിലുള്ള നീരസസമൊട്ടും ഒളിപ്പിക്കാതെ മാഷ് ഞങ്ങളെ അകത്തേക്ക് സ്വീകരിച്ചിരുത്തി..
എണ്ണയിലിട്ട കടുക് പൊട്ടും പോലെ സംസാരിചിരുന്ന മാഷ് കുറച്ചു നേരം നനഞ്ഞ പടക്കം കത്തിച്ചത് പോലെയിരുന്നു.
രംഗം പന്തിയല്ലന്ന് തോന്നിയതോടെ രണ്ട് ദിവസം കഴിഞ്ഞ് നടക്കാനുള്ള പരീക്ഷാ ചൂടങ്ങോട്ട് നല്ലവണ്ണം പകർന്നു കൊടുത്തു..അതോടെ തൃശൂർ പൂരത്തിന്റെ വെടികെട്ട് പോലെ സന്ധിയും സമാസവും പൊട്ടി വിരിയാൻ തുടങ്ങി... പലപ്പോഴും വാതിലുകളില്ലാത്ത ജാലകങ്ങളെ തേടിയെത്തിയത് കവിതകളുടെ സുഗന്ധം പേറിയ കുളിർ തെന്നലുകളായിരുന്നു... ഇടവേളകളിൽ പൊട്ടിയ ചില അമിട്ടുകൾ മനസ്സിൽ ചിരിമഴ പെയ്യിക്കുന്നുണ്ടായിരുന്നു..
മഴ തോർന്നു തുടങ്ങാനായപ്പോഴേക്കും ദാ വരുന്നൂ ചൂട് കപ്പയും ചമ്മന്തിയും പിന്നെ നല്ല ആവി പറക്കുന്ന കട്ടൻ ചായയും.. മലവെള്ള പാച്ചലുപ്പോലെ വായിൽ വെള്ളമൂറി..കൂട്ടത്തിൽ ഒഴുക്ക് കൂട്ടാൻ മത്തി കറിയുമെത്തിയതോടെ അത് വള്ളം കളിയെ അനുസ്മരിപ്പിക്കുന്ന പ്രകടനമായിരുന്നു..ഞങ്ങളുടെ രസമുഗുളങ്ങളെ ഇത്രമേല്‍ സ്വാധീനിച്ച ഒരു ഭക്ഷണം വേറെയുണ്ടായിട്ടുണ്ടാവില്ല..
മലയാളവും പ്രകൃതിയും നാടൻ ഭക്ഷണവും ഒക്കെ കൂടി വളരെ ചുരുങ്ങിയ നേരം കൊണ്ട് മനസ്സിലേക്ക് ചേക്കേറിയ ഒരുപാട് നല്ല ഓർമ്മകൾ സമ്മാനിച്ച ഒരു ദിവസമായിരുന്നു അത്..ഇടവേളകളിൽ പൊട്ടാതെ കിടന്ന ചില അമിട്ടുകൾ പോകാൻ നേരം പൊട്ടുകയും ചെയ്തതോടെ ഒരു കൂട്ടചിരിയോടെ നിറഞ്ഞ മനസ്സുകളോടെ ഞങ്ങൾ കൂടണഞ്ഞു..
-അന്‍സാര്‍ മഞ്ഞിയിൽ

Wow Ansar. Really feeling happy. The words In the passage made me to feel the essence of it. Long way to go. Proud friend
ReplyDeleteThank you😊
Delete