ഓർമ്മകലിളേക്ക്
തോണിതുഴയുന്നത് എപ്പൊഴും ഒരു സുഖമുള്ള അനുഭൂതിയാണ്. ഈ ഇടയായി ഒരുപാട് പഴയ ഓർമ്മകൾ മനസ്സിലേക്ക്
ചേക്കേറുകയുണ്ടായി. അതിൽ ഒന്ന് ഇവിടെ കുറിക്കുന്നു.
എന്റെ ബാല്യത്തിന്റെ
തുടക്കം ഖത്തറിൽ ആയിരുന്നു. ഉപ്പ ഉമ്മ ഇക്ക ഞാനും ഹിബയും അടങ്ങുന്ന ഒരു കൊച്ചു സ്വർഗം
അതിലേക്ക് ഇരട്ടി മധുരമായി ഹമ്മുവും കടന്നു
വരുന്നു. റുമൈലയിലെ ആ കൊച്ചുവീട് ഞങ്ങളുടെ അല്ലാം ആയിരുന്നു.
ഞാനും ഇക്കയും
ഒപ്പിച്ച വെക്കുന്ന ഗുലുമാലുകൾ, പറക്കമുറ്റാത്ത ഹിബ, സ്വർഗ്ഗവാതിൽ തള്ളിത്തുറയ്ക്കാൻ
തക്കം പാത്തിരിക്കുന്ന ഹമ്മു, അതിരുകളില്ലാത്ത സ്നേഹക്കടലായി ഞങ്ങളെ വാരിപുണരുന്ന ഉപ്പയും
ഉമ്മയും.
വെള്ളിയാഴ്ചകളിൽ അളിയൻ മാമായും വണ്ടി മാമയുമാണ് ഞങ്ങളുടെ സ്ഥിരം
അതിഥികൾ. വാരാന്ധ്യ ഖുർആൻ ക്ലാസ്സുകളും അന്നേദിവസമാണ് നടക്കാറുള്ളത്. അതൊരു ആഘോഷമാണ്.
ഒരുപാട് കുടുംബങ്ങൾ ഒത്തുകൂടി പരസ്പര ബന്ധങ്ങൾ പുതുക്കുന്നു പഠിക്കുന്നു ഒന്നിചോരുമ്മിച്ച്
റബ്ബിലേക്ക് അടുക്കുന്നു.
ഞാനും ഇക്കയും
ഈ സമയങ്ങളിൽ അടുക്കളയിലാണ് നിലയുറപ്പിക്കാറുള്ളത്. അന്ന് ഞങ്ങളുടെ കണ്ണുകൾ വരുന്ന അതിഥികളുടെ കൈകളിലേക്കായിരിക്കും. അവർ കൊണ്ടുവരുന്ന ചിപ്സ്
പാക്കറ്റുകളാണ് ഞങ്ങളുടെ ലക്ഷ്യം. അവർ വന്ന് പോകുമ്പഴേക്കും അത് ഞങ്ങളുടെ ആമാശയത്തിന്റെ
അതിഥികളായി മാറിയിട്ടുണ്ടാവും.
ആ തിരക്കുകൾ
കഴിഞ് വരുമ്പഴേക്കും മാമമാരിൽ ആരെങ്കലും ഒരാൾ വന്നിരിക്കും. ഉപ്പയുമായി സൊറപറഞ്ഞ് ഉമ്മ ഉണ്ടാക്കിയ പലഹാരങ്ങൾ കഴിച്ച് കിടക്കാൻ നേരം
മാമ കൊണ്ട് വന്ന ആ വാരം ഇറങ്ങിയ പുതിയ സിനിമ കാസറ്റ് കണ്ട് ഉറങ്ങാൻ ഒരുനേരമാവും. അന്ന്
കണ്ടത് പേടിപ്പെടുത്തുന്ന വെല്ല സിനിമയാണെങ്കിൽ അന്നത്തെ ഉപ്പാടെ ഉറക്കം ഗോപി എന്ന്
പറഞ്ഞാൽ മതി. നാഴികക്ക് നാൽപ്പത് വട്ടം ഉപ്പ ഉപ്പ എന്ന് വിളിച്ച് വിളിച്ച് മുഖം മുഖത്തോട്
അടുപ്പിച്ച് ഉറങ്ങുമ്പഴേക്കും നേരം വെളുക്കും.
ഇങ്ങനെ സമാധാനപരമായി
ജീവിതനൗക തുഴയുമ്പോളാണ് എനിക്ക് അപ്രതീക്ഷിതമായി വയറുവേദന വരുന്നത്. എന്നെ സംബന്ധിച്ചെടത്തോളം
ഭക്ഷണം എന്നത് ചിപ്പ്സ്സും മിഠായിയുമൊക്കെയാണ്.
ഒന്നാം ക്ലാസ്സിൽ
പഠിക്കുമ്പോൾ ഇന്റെർവെല്ലിൽ കുട്ടികൾ വടയും ഇഡ്ഡലിയുമൊക്കെ കഴിക്കുമ്പോൾ ഞാൻ കഴിക്കുന്നത്
കോലുമിഠായിയാണ്. ഇത് ഉപ്പാക്ക് നല്ലപോലെ അറിയാവുന്നത് കൊണ്ട് ഞാൻ വയറുവേദന എന്ന് പറഞ്ഞപ്പോൾ
ഉപ്പ ആദ്യം എടുത്തത് ചുരലാണ്.
അന്ന് ഞാൻ സ്‌ക്കൂളിൽ
പോയില്ല. ഉമ്മ കൊണ്ട് വന്ന ഒരു ഗ്ലാസ്സ് പാലും വല്യ പാക്കറ്റ് ബിസ്ക്കറ്റും ചുരൽ പഴം
കാണിച്ച് എന്നെ കൊണ്ട് കഴിപ്പിച്ചട്ടാണ് ഉപ്പ ജോലിക്ക് പോയത്. കഴിക്കാൻ പറ്റില്ല എന്ന്
പറഞ്ഞാൽ ചൂരൽ പഴവും കിട്ടും എന്നതിനാൽ ഞാൻ അത് മുഴുവൻ കഴിച്ച് ക്ഷീണിതനായി ഉറങ്ങിപ്പോയി.
ഇടക്കെപ്പഴോ എണീറ്റ് ഞാൻ നിലവിളിക്കുന്നുണ്ടായി. ഉമ്മ വയറ്റിൽ വിക്സ് തേച്ച് എന്നെ
വീണ്ടും ഉറക്കി. പക്ഷെ അത് അതികനേരമുണ്ടായില്ല. എനിക്ക് നിവരാനെ പറ്റുന്നുണ്ടായില്ല.
ചെമ്മീൻ പോലെ ചുരുണ്ടുകൂടി കിടന്നു ഞാൻ.
എന്ത് ചെയ്യണമെന്നറിയാതെ
ഉമ്മ ഉപ്പാനെ വിളിച്ചു. അപ്പഴേക്കും അളിയൻമാമ വന്ന് ഞങ്ങളെ അടുത്തുള്ള ക്ളീനിക്കിലേക്ക്
കൂട്ടികൊണ്ടുപോയി.
അവിടെ ചെന്നപ്പോൾ
ദഹനകുറവാണ് എന്ന് പറഞ്ഞ് പ്രാധമിക ചികിത്സയായി ഗ്ലുക്കോസ് കയറ്റി. അത് കൂടാതെ ഒരു ഗുളിക
മൂട്ടിൽ കയറ്റുന്നുടായിരുന്നു. ഗുളികകൾ ഒരുപാട് കയറ്റിയിട്ടും എന്റെ വയറ് അനങ്ങാപാറയായി
നിന്നു. ഞാൻ വീണ്ടും നിലവിളിക്കാൻ തുടങ്ങി. എനിക്ക് ചുറ്റും ഒരുപാടുപ്പേർ തടിച്ചുകൂടി.
ദൈവാനുഗ്രഹം
പോലെ ഒരു ഡോക്ടർ ഇത് കണ്ട് എന്റെ അടുത്തേക്ക് വന്ന് കണ്ടമാത്രയിൽ എന്തോ പന്തികേട് തോന്നി
എക്സറേ എടുപ്പിച്ചു നോക്കിയപ്പോലാണ് എനിക്ക് അപ്പെന്ഡിക്സ് ആണെന്ന് മനസ്സിലായത്.
ഉടനെ ഓപ്പറേഷൻ
ചെയ്യണമെന്ന് പറഞ്ഞ് എന്നെ ഹമദ് ഹോസ്പിറ്റലിലേക്ക് റഫർ ചെയ്തു.
ഞൊടിയിടയിൽ
എന്നെ ആംബുലൻസിലേക്ക് കയറ്റി കൂടെ ഉപ്പയും. ഉമ്മ ഇതെല്ലാം കണ്ട് വിളർത്തുപ്പോയി.
പക്ഷെ ഞാൻ അപ്പഴേക്കും
എന്റെ വേദനയെല്ലാം മറന്നിരുന്നു. ചീറിപ്പായുന്ന ആംബുലൻസുകൾ കണ്ട് അമ്പരന്ന് നിക്കാറുള്ള
ഞാൻ അതിന്റെ അകത്ത് എന്താണെന്നറിയാൻ കൊതിച്ചിരുന്നു.
എന്റെ സ്വപ്ന സാക്ഷാത്കാരത്തിന്റെ നിർവൃതിയിൽ
ഞാൻ എല്ലാം മറന്നു. എന്റെ തലക്ക് മീതെ തെളിയുന്ന വിളിയ്ക്കുകൾ നോക്കി കൗതുകത്തോടെ കിടന്നു
ഞാൻ. എന്റെ സന്തോഷം പങ്കുവെക്കാൻ വെമ്പി ഞാൻ എന്റെ ഇക്കാനെ തിരയുന്നുണ്ടായിരുന്നു.
എന്നാൽ ഞാൻ കണ്ടത് വികാരങ്ങളുടെ കടലിരബത്തെ തന്നിലേക്ക് ആവോളം ആവാഹിച്ച എന്റെ ഉപ്പാടെ
മുഖമാണ്. എന്റെ ജിജ്ഞാസ മനസ്സിലാക്കി എന്നെ നോക്കി മന്ദഹസിക്കാൻ ഉപ്പ ശ്രമിക്കുന്നുണ്ടായിരുന്നു.
ആശുപത്രിയിൽ
എത്തി നേരെ ഓപ്പറേഷൻ തീയേറ്ററിലേക്കാണ് കൊണ്ട് പോയത്. അപ്പഴേക്കും ഉമ്മയും സഹോദരങ്ങളും
മാമയുമായി അവിടെയെത്തി. തീയേറ്ററിൽ കേറാൻ നേരം നഴ്സുമാർ എനിക്ക് കളിപ്പാട്ടങ്ങൾ
കൊണ്ട് തന്നു.
അത്രയും കളിപ്പാട്ടങ്ങൾ ഒരുമിച്ച ഞാൻ കണ്ടതേയില്ല. ഞാൻ ഇടം കണ്ണ് കൊണ്ട് ഇക്കയെ നോക്കി
ഇതെല്ലാം കാണിച്ച് കൊതിപ്പികാൻ ശ്രമിക്കുകയായ്യിരുന്നു. പക്ഷെ ഇക്ക നിർവികാരനായി ഉമ്മയോട്
ചേർന്ന് നിന്നു. ഉമ്മ തെന്റെ കണ്ണുനീരാടക്കാൻ ശ്രമിക്കുമ്പോഴും അതൊരു ഉറവയായൊഴുകിക്കൊണ്ടിരുന്നു.
എന്റെ സന്തോഷം
എന്തെ ഇവർക്ക് മനസ്സിലാകാത്തത്. നോക്ക് എന്റെ കയ്യിലെ കളിപ്പാട്ടങ്ങൾ എന്നൊക്കെ എന്റെ
മനസ്സിൽ ഞാൻ എന്നോട് തന്നെ പറയുന്നുണ്ടായിരുന്നു.
വൈകാതെ എന്നെ
തീയേറ്ററിലേക്ക് കൊണ്ടുപ്പോയി. എനിക്ക് ചുറ്റും ഒന്ന് കണ്ണോടിച്ചപ്പോൾ ഞാൻ കണ്ടത് മുഖമൂടികൾ
അണിഞ്ഞ് കയ്യുറദാരികളായ ഒരുകൂട്ടം യുദ്ധത്തിനെന്നപ്പോലെ തയ്യാറെടുക്കുന്നുതാണ്. വെള്ളിനിറത്തിൽ
പലതരം ഉപകരണങ്ങൾ അങ്ങനെ എന്തൊക്കെയോ സാമകാരികൾ. ഇതെല്ലാം കണ്ട് കിടക്കുന്നതിന്റെ ഇടയിൽ ഒരാൾ വന്ന് എന്റെ പേര് ചോദിച്ച്
സംസാരിക്കുന്നതിന്റെ ഇടയിൽ എനിക്ക് ഒരാൾ ഓക്സിജൻ മാസ്ക് വെച്ചു തന്നു. അതിന്റെ മണം
പറ്റാതെ വന്നപ്പോൾ എനിക്ക് വേണ്ട എന്ന് പറഞ്ഞ് ഞാൻ അത് ഊരിമാറ്റി.
എന്റെ കാഴ്ച
മങ്ങുന്നത്പോലെ എനിക്ക് അനുഭവപെട്ടു എന്റെ കണ്ണുകൾ ഞാൻ അറിയാത്ത അടഞ്ഞു.
പിന്നീട് ഓർമ്മവരുമ്പോൾ
എനിക്ക് ചുറ്റും എന്റെ സ്നേഹനിധികൾ നിൽപ്പുണ്ടായിരുന്നു.
അവർ സ്നേഹ തിരമാലകൾ
തീർത്ത് ആ സ്നേഹക്കടലിലേക്ക് എന്നെയും കൂട്ടിക്കൊണ്ടുപോയി…
-അന്‍സാര്‍ മഞ്ഞിയിൽ

No comments:
Post a Comment